ചെന്നൈ: നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക് താരത്തിനെതിരായ ‘ജയ് ശ്രീറാം’ വിളിയെ വിമര്‍ശിച്ച ഡിഎംകെ നേതാവും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് മറുപടിയുമായി ബിജെപി. നിസ്‌കരിക്കുന്നതിനായി മത്സരങ്ങള്‍ നിര്‍ത്തുമ്പോള്‍ ഉദയനിധിക്ക് പ്രശ്‌നമില്ലല്ലോ എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു. കായിക മത്സരങ്ങള്‍ വിദ്വേഷം പടര്‍ത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നായിരുന്നു ഉദയനിധിയുടെ വിമര്‍ശനം.
വെറുപ്പുളവാക്കുന്ന വിഷം പരത്താന്‍ ഡെങ്കി-മലേറിയ കൊതുക് വീണ്ടും ഇറങ്ങി. മൈതാനത്ത് നിസ്‌കരിക്കാന്‍ വേണ്ടി ഒരു മത്സരം താല്‍ക്കാലികമായി നിര്‍ത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. നമ്മുടെ ശ്രീരാമന്‍ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലും വസിക്കുന്നു, അതിനാല്‍ ജയ് ശ്രീറാം പറയൂ’- ഗൗരവ് ഭാട്ടിയ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച നടന്ന ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തില്‍ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന് നേരെയാണ് ‘ജയ് ശ്രീറാം’ വിളികള്‍ ഉയര്‍ന്നത്. 49 റണ്‍സ് നേടി പവലിയനിലേക്ക് മടങ്ങുന്നതിനിടയാണ് കാണികള്‍ ‘ജയ് ശ്രീറാം’ മുഴക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയത്.
ആതിഥ്യമര്യാദയ്ക്കും സ്പോര്‍ട്സ്മാന്‍ഷിപ്പിനും പ്രശസ്തമായ രാജ്യമാണ് ഇന്ത്യയെന്നും അഹമ്മദാബാദില്‍ പാക് കളിക്കാരനോട് ഉണ്ടായ സമീപനം തരംതാഴ്ന്ന പ്രവര്‍ത്തിയാണെന്നും ഉദയനിധി വിമര്‍ശിച്ചു. സാഹോദര്യത്തിനും ഐക്യത്തിനും വേദിയാകേണ്ട കായിക മത്സരങ്ങള്‍, വിദ്വേഷം പടര്‍ത്താനുള്ള ഉപകരണമായി ഇതിനെ ഉപയോഗിക്കപ്പെടുന്നത് അപലപനീയമാണെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.