ഭീഷണി നാഗ്പൂരിലെ ആപ്പീസില്‍ വെച്ചാല്‍ മതി; സംഘപരിവാറിനെതിരെ കെ കെ രാഗേഷ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കര്‍ഷക നേതാവിനെ വധിക്കുമെന്ന സംഘപരിവാര്‍ ഭീഷണിയ്‌ക്കെതിരെ ചുട്ട മറുപടിയുമായി കെ.കെ രാഗേഷ് എംപി. ഭീഷണി നാഗ്പൂരിലെ ആപ്പീസില്‍ വെച്ചാല്‍ മതി എന്നാണ് രാഗേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

‘മഹാരാഷ്ട്ര കിസാന്‍സഭ സെക്രട്ടറിയെ വധിക്കുമെന്ന് സംഘപരിവാര്‍. ഡോ. അജിത്ത് നര്‍വാലെയെ ജനങ്ങള്‍ സംരക്ഷിച്ചോളും. ഭീഷണി നാഗ്പൂരിലെ ആപ്പീസില്‍ വെച്ചാല്‍ മതി,’ കെ.കെ രാഗേഷ് ഫേസ്ബുക്കിലെഴുതി. കര്‍ഷക സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ വെടിവെച്ചുകൊല്ലുമെന്നാണ് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് കെ.കെ രാഗേഷ് എം.പി രംഗത്തെത്തിയിരിക്കുന്നത്.

ഡോ.അജിത് നവാലെയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ ആവശ്യപ്പെട്ടു. സംഘപരിവാര്‍ ഭീഷണി മുഴക്കി കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊള്ളയും അപലപിച്ചു. കര്‍ഷക സമരം നടക്കുന്നിടങ്ങളില്‍ ബോധപൂര്‍വ്വം സംഘപരിവാര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് യു.പി, ഹരിയാന പൊലീസ് ഒത്താശ ചെയ്യുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിംഗുവില്‍ ഒരു സംഘം കര്‍ഷകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ഈ സംഘത്തിന്റെ ആക്രമണം.

 

Top