ധ്രുവീകരണം ലക്ഷ്യമിട്ട ബിജെപി എട്ട് നിലയില്‍ പൊട്ടി, ജനമനസ്സ് സന്തോഷിക്കുന്നു; കെ.സി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ വിജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണ വേളയില്‍ തന്നെ തങ്ങള്‍ക്ക് അത് മനസിലായതാണെന്നും ശക്തമായ പ്രചാരണം നടത്തിയതിന്റെ ഭാഗമാണ് ഈ വിജയത്തിന് പിന്നില്‍ എന്നും കെസി പറഞ്ഞു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ ഹേമന്ദ് സോറന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല നേരത്തെ ഹൈക്കമാന്‍ഡ്, വ്യക്തമായ നിര്‍ദേശം പാര്‍ട്ടിക്ക് നല്‍കിയിരുന്നു. കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താനായിരുന്നു നിര്‍ദേശം എന്നും കെസി പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി ജാര്‍ഖണ്ഡില്‍ പറഞ്ഞിരുന്നതും അമിത് ഷായുടെയു പ്രസംഗവും അദ്ദേഹം വീണ്ടും ഓര്‍മ്മപ്പെടുത്തി. ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇരുവരും അത്തരത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയത്. എന്നിട്ടും ജാര്‍ഖണ്ഡ് പോലൊരു സംസ്ഥാനത്ത് അവര്‍ ഉദ്ദേശിച്ചതുപോലെയൊരു ധ്രുവീകരണം നടന്നില്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചകമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

‘ഹരിയാന തിരഞ്ഞെടുപ്പിന് മുമ്പാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ് കശ്മീരിനെ രണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള നിയമ നിര്‍മാണമാണ് അവര്‍ നടത്തിയത്. ഒരു രാത്രികൊണ്ടാണ് കശ്മീരിനെ വിഭജിക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച കൂടാതെ പാസാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ഹരിയാനയില്‍ അവര്‍ക്ക് ലഭിച്ചില്ല. പിന്നാലെ മഹാരാഷ്ട്രയിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ജനങ്ങള്‍ എല്ലാക്കാലത്തും ഇത്തരം നയങ്ങള്‍ക്ക് പിന്നാലെ പോവില്ലെന്നാണ് ഇത് തെളിയിക്കുന്നത്.’- കെസി പറഞ്ഞു.

ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്നത് ജീവിത പ്രശ്നങ്ങളാണ്. യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു, വിലക്കയറ്റമുണ്ടാകുന്നു, സാമ്പത്തിക രംഗം താറുമാറായി, കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നു. സര്‍ക്കാര്‍ അതിനെയെല്ലാം മറികടക്കാന്‍ ഇത്തരം നിയമങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ജനങ്ങള്‍ മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014ന് ശേഷം കോണ്‍ഗ്രസ് തകര്‍ന്നുപോയി എന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിനെതിരായി ജനവികാരമുണ്ട്. അതിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട വിജയങ്ങളുമായാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ഇപ്പോള്‍ മുന്നേറുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

Top