സംഘപരിവാറിന്റെ ശബരിമല ‘ അജണ്ട’ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്ത്

bjp

പാലക്കാട്: ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് എത്തിക്കാന്‍ ബിജെപി നിര്‍ദേശം. ആചാരങ്ങള്‍ സംരക്ഷിക്കാനായി ഓരോദിവസവും പരമാവധി എണ്ണം പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കണമെന്ന് ബി.ജെ.പിയുടെ സര്‍ക്കുലര്‍ പുറത്ത്.

ഓരോ ദിവസവും ഓരോ ജില്ലയിലെ പ്രവര്‍ത്തകരെ എത്തിക്കാനാണ് നീക്കം. ഇതിനായി അതാത് ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ വിവിധ സംഘജില്ലകളില്‍നിന്നും പ്രവര്‍ത്തകരെ അയക്കാന്‍ നിര്‍ദേശമുള്ളത്.

ബി.ജെ.പി കേരളം എന്ന തലക്കെട്ടില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരില്‍ നവംബര്‍ 17ാം തീയതിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ 30 സംഘജില്ലകള്‍ക്കും അതാത് പ്രദേശങ്ങളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പ്രവര്‍ത്തകര്‍ എവിടെയെത്തണം, എവിടെ സംഘടിക്കണം എന്നീ കാര്യങ്ങള്‍ ചുമതലക്കാരന്‍ അറിയിക്കുമെന്നും ചുമതലക്കാരനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറിനോടൊപ്പം സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. അതേസമയം, ഇത്തരത്തിലൊരു സര്‍ക്കുലറോ നിര്‍ദേശമോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു പാലക്കാട് ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്.

Top