ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദർ ജെയിന് അധികൃതർ നൽകുന്നത് വിവിഐപി സൗകര്യങ്ങളെന്ന് ബിജെപി. ജയിലനകത്തുവച്ച് മന്ത്രിയുടെ കാലുകൾ മസാജ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു. ജെയിനിന് വിഐപി പരിഗണന നൽകിയതിന് തീഹാർ ജയിൽ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.
എന്നാൽ ദൃശ്യങ്ങൾ പഴയതാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. ജയിലിനുള്ളിൽ ഹെഡ് മസാജ്, കാൽ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നൽകുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. മന്ത്രിയുടെ ജയിലിൽ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി കോടതിയിൽ നൽകിയിരുന്നു.
2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികൾ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയ കേസ്. 58 കാരനായ ഡൽഹി മന്ത്രിയെ മെയ് 30 നാണ് അറസ്റ്റ് ചെയ്തത്.