കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിക്കുന്നില്ലെന്ന് ബിജെപി. കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനാണ് ആരോപണം ഉന്നയിച്ചത്.
പണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ സിപിഎമ്മുകാരും സിപിഐക്കാരുമാണ്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?. അവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്തെല്ലാമാണ്? അവരുടെ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച് പോലീസ് എന്തുകൊണ്ട് ബന്ധപ്പെടുന്നില്ല. അതിന്റെ പിന്നിലുള്ള ഗൂഢാലോചന, കരുനീക്കങ്ങള്‍, തയ്യാറെടുപ്പുകള്‍ എന്നിവ എന്തായിരുന്നുവെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേസില്‍ ധര്‍മരാജന്‍ പരാതിക്കാരനാണ്. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് ചോദ്യം ചെയ്യാന്‍ വിളിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും കുമ്മനം ചോദിച്ചു.