തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകര്‍ തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കി. സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാള്‍ക്ക് പരിക്കേറ്റെന്നുമാണ് ബിജെപിയുടെ ആരോപണം. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി. ബിജെപിയുടെ പ്രധാന നേതാക്കള്‍ സ്ഥലത്തേക്ക് എത്തി. കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും സ്ഥലം സന്ദര്‍ശിച്ചു.
കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്‌ലക്‌സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ 5 പരാതികള്‍ നല്‍കിയിട്ടുണ്ട്.
കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയില്‍ എടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.