പാലക്കാട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചും അതിലെ എസ്എഫ്‌ഐയുടെ പങ്കിനെകുറിച്ചും പ്രതികരിച്ചാല്‍ എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിന് ഇനാം നല്‍കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ബിജെപി. എന്നാല്‍ തനിക്കത് വേണ്ടെന്നും താന്‍ അത് സ്വീകരിക്കില്ലെന്നുമാണ് ഇളയിടത്തിന്റെ മറുപടി.
പൂക്കോട് ക്യാംപസില്‍ നടന്നത് ഒരുനിലയ്ക്കും ഉണ്ടാകാന്‍ പാടില്ലാത്ത അങ്ങേയറ്റം കുറ്റകരമായ സംഭവമാണെന്ന് ബുധനാഴ്ച സുനില്‍ പി. ഇളയിടം പറഞ്ഞിരുന്നു. ക്യാംപസിലെ അതിക്രമങ്ങളെ ചെറുത്ത് നിന്ന് ക്യാംപസ് രാഷ്ട്രീയത്തെ മുറുകെ പിടിക്കേണ്ടവര്‍ തന്നെ സംഭവത്തില്‍ ഉള്‍പ്പെട്ടു എന്നത് ഏറെ കുറ്റകരമാണ്. ആള്‍ക്കൂട്ട വിചാരണ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ഇത് സമൂഹമനസ്സാക്ഷിയെയും വിദ്യാര്‍ഥിരാഷ്ട്രീയത്തെയും പൂര്‍ണമായും തകര്‍ക്കും. കാംപസില്‍ രാഷ്ട്രീയമില്ലാതായാല്‍ മത, വര്‍ഗീയ പ്രസ്ഥാനങ്ങളുടെ അപകടകരമായ കടന്നുകയറ്റമുണ്ടാകുമെന്നും സുനില്‍ പി. ഇളയിടം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇളയിടത്തിന് ഇനാം നല്‍കാമെന്ന നിലപാട് ബിജെപി സ്വീകരിക്കുകയായിരുന്നു.എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചാല്‍ പതിനായിരം രൂപ ചെക്കായി നല്‍കാമെന്ന് ബിജെപി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പക്ഷേ താന്‍ അത് സ്വീകരിക്കാന്‍ തയ്യാറല്ലെന്നും ഇളയിടം പ്രതികരിച്ചു. മാത്രമല്ല തുക നല്‍കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി കൊടുക്കണമെന്നാണ് ഇളയിടം പറഞ്ഞത്. എങ്കിലും ശനിയാഴ്ച രാവിലെ 11-ന് പാലക്കാട് ഹെഡ് പോസ്റ്റോഫീസില്‍ നിന്ന് ചെക്ക് അയച്ചുകൊടുക്കുമെന്ന് ഉറച്ച് നില്‍കുകയാണ് ബിജെപി പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ ഇ കൃഷ്ണദാസ്.
പൂക്കോട്ടെ സംഭവത്തെ കുറിച്ച് സുനില്‍ പി. ഇളയിടത്തെ പോലെയുള്ള പലരും നിശബ്ദരാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഒരുവാക്കെങ്കിലും പറയാന്‍ തയ്യാറായാല്‍ 10,001 രൂപ ഇനാം നല്‍കുമെന്നായിരുന്നു ബിജെപിയുടെ വാക്ക്. സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ ഇ കൃഷ്ണദാസാണ് ഇത് പറഞ്ഞത്.