റഫാല്‍ കേസില്‍ മോദി സര്‍ക്കാരിന് 2ാം ക്ലീന്‍ ചിറ്റ്; സത്യം ജയിച്ചെന്ന് ബിജെപി

59000 കോടിയുടെ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച പുനഃപ്പരിശോധന ഹര്‍ജികള്‍ സ്വീകരിക്കാന്‍ കോടതി തയ്യാറാകാതെ വന്നതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ നേടിയത് ക്ലീന്‍ ചിറ്റ്. 2018 ഡിസംബറില്‍ പുറപ്പെടുവിച്ച വിധി പുനഃപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പരാതിക്കാരുടെ ഹര്‍ജികള്‍ കോടതി തള്ളിയത്.

റഫാല്‍ കരാറില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പരാതിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങുന്നതില്‍ യാതൊരു സംശയങ്ങള്‍ക്കും ഇടയില്ലെന്നാണ് സുപ്രീംകോടതിയുടെ 2018ലെ വിധി. തെരഞ്ഞെടുപ്പ് കാലത്ത് റഫാല്‍ അഴിമതി ആരോപണം ഉയര്‍ത്തിയ പ്രതിപക്ഷത്തിനും വിധി തിരിച്ചടിയാണ്.

സുപ്രീംകോടതി വിധിയെ ബിജെപി ആഘോഷത്തോടെയാണ് സ്വീകരിച്ചത്. ‘സത്യം വിജയിച്ചു. സത്യത്തെ ബുദ്ധിമുട്ടിക്കാം, പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല’, ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി.

പരമോന്നത കോടതിയുടെ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന് വിശേഷണം നല്‍കിയാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ പ്രചാരണങ്ങള്‍ നയിച്ചത്. സംഭവത്തില്‍ രാഹുലിന്റെ മാപ്പ് സ്വീകരിച്ചാണ് കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി തീര്‍പ്പാക്കിയത്. പുനഃപ്പരിശോധന തള്ളിയതോടെ രണ്ടാം തവണയും റഫാല്‍ കരാറില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് ലഭിച്ച അവസ്ഥയാണ്.

മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് പുനഃപ്പരിശോധന ഹര്‍ജികള്‍ നല്‍കിയത്. ‘ദേശീയ സുരക്ഷ സംബന്ധിച്ച ചോദ്യമാണിത്. ലോകത്തില്‍ ഒരു പ്രതിരോധ കരാറും ഇത്തരത്തില്‍ വാദങ്ങള്‍ക്ക് ഇരയാക്കി പരിശോധിക്കുന്ന അവസ്ഥയില്ല’, അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.

Top