ബി.ജെ.പിയുടെ ചെങ്ങന്നൂരിലെ മാസ് ചോദ്യം, ഇവിടെ എന്തിനാ രണ്ടു സ്ഥാനാര്‍ത്ഥികള്‍ ?

ആലപ്പുഴ: കര്‍ണ്ണാടകയില്‍ ബി.ജെ.പി സര്‍ക്കാറിനെ താഴെ ഇറക്കിയതില്‍ ആഹ്ലാദം പങ്കുവയ്ക്കുന്ന ഇടതു – വലതു മുന്നണികള്‍ എന്തിനാ ചെങ്ങന്നൂരില്‍ പരസ്പരം മത്സരിക്കുന്നതെന്ന് ബി.ജെ.പി.

‘ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി കഴിഞ്ഞു കോണ്‍ഗ്രസ്സും സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷവും. ഇടതു മുന്നണിയിലെ ഘടക കക്ഷിയായ ജെ.ഡി.എസ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനെ പുല്‍കുന്നു. യെച്ചൂരി രാഹുലിനെ കെട്ടിപിടിക്കുന്നു ,പിന്നെ എന്തിനാണ് ഇവിടെ മാത്രം പരസ്പരം മത്സരിക്കുന്നത് ? ബി.ജെ.പി പ്രാസംഗികര്‍ ചെങ്ങന്നൂരില്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യമാണിത്.

ഒറ്റക്കാണ് രാജ്യത്ത് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം നടത്തുന്നത്.

ത്രിപുര കൂടി ബി.ജെ.പി പിടിച്ചതോടെ സി.പി.എമ്മിന്റെ അവശേഷിക്കുന്ന ഏക കോട്ട കേരളമാണ്. അതിന്റെ അടിത്തറ ചെങ്ങന്നൂരില്‍ ഇളകുക തന്നെ ചെയ്യും. അവസരവാദ കൂട്ട് കെട്ടിനെതിരായ ജനവിധിയാവണം ചെങ്ങന്നൂരിലേതെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെടുന്നു.

കര്‍ണ്ണാടകയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതിരുന്നതും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നുണ്ട്.

തെരെഞ്ഞെടുപ്പിനു മുന്‍പ് പരസ്പരം കടിപിടി കൂടിയവര്‍ കര്‍ണ്ണാടകയില്‍ അധികാരത്തിനു വേണ്ടി ഒരുമിച്ചതാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്നാണ് ബി.ജെ.പിയുടെ വാദം.

സി.പി.എമ്മും കോണ്‍ഗ്രസ്സും കര്‍ണ്ണാടകയില്‍ കാവി പടയുടെ ‘ചാക്കിട്ട് പിടുത്തം’ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നടത്തുന്ന പ്രചരണത്തിനുള്ള മറുപടിയായാണ് ഈ പ്രതികരണം.

കേരളത്തില്‍ രണ്ടു മുന്നണികളെയും സഹിച്ച ജനതക്ക് തിരിച്ച് ഒരു ഷോക്ക് ട്രീറ്റ് മെന്റ് കൊടുക്കാനുള്ള സുവര്‍ണ്ണാവസരമായി ചെങ്ങന്നൂരിനെ ഉപയോഗപ്പെടുത്താന്‍ കുടുംബയോഗങ്ങളിലും കവല പ്രസംഗങ്ങളിലും ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തിലധികം വോട്ട് വാങ്ങി കോണ്‍ഗ്രസ്സിനു ഒപ്പം എത്താന്‍ കഴിഞ്ഞതാണ് ബി.ജെ.പിയുടെ പ്രതീക്ഷക്ക് ആധാരം.

ഭരണ വിരുദ്ധ വികാരം ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും യു.ഡി.എഫില്‍ ഇത്തവണ കേരള കോണ്‍ഗ്രസ്സ് ഇല്ലാത്തത് അവര്‍ക്കു തന്നെ വിനയാകുമെന്നതും ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ബി.ഡി.ജെ.എസ് എന്ത് നിലപാട് സ്വീകരിച്ചാലും അത് ബി.ജെ.പിയുടെ പ്രകടനത്തെ ബാധിക്കാതെ ഇരിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ മണ്ഡലത്തില്‍ ഇടപെടല്‍ ശക്തമാണ്.

Top