ബുള്ളറ്റുകളും തോക്കുകളും നഷ്ടപ്പെടുന്നു, കേരളം തീവ്രവാദ ഫാക്ടറിയായി: ശോഭ കരന്തലജെ

ബെംഗളുരു: കുളത്തൂപ്പുഴയില്‍ പാക് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ.

കേരളം തീവ്രവാദ ഫാക്ടറിയാണ് എന്നാണ് ശോഭയുടെ രൂക്ഷ പരാമര്‍ശം. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും അവര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ശോഭ തന്റെ പ്രതികരണം അറിയിച്ചത്.

പൊലീസ് ആയുധകേന്ദ്രത്തില്‍നിന്നു ബുള്ളറ്റുകളും തോക്കുകളും നഷ്ടപ്പെടുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നു. ഇപ്പോള്‍, പാക് നിര്‍മിത വെടിയുണ്ടകള്‍ കൊല്ലത്തു കണ്ടെത്തുന്നു. കേരളം തീവ്രവാദ ഫാക്ടറിയായി മാറിക്കഴിഞ്ഞു- ശോഭ ട്വീറ്റ് ചെയ്തു.

പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതാകുകയും കൊല്ലത്ത് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ പരാമര്‍ശം.

കുളത്തുപ്പുഴയില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്ന റോഡരുകില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇന്ന് രാവിലെ വെടിയുണ്ടകള്‍ കണ്ടെത്തിയത്‌.

തിരകള്‍ തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും, വേര്‍പ്പെടുത്തിയ നിലയില്‍ രണ്ടെണ്ണവുമാണു കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുളത്തൂപ്പുഴ പൊലീസ് വെടിയുണ്ടകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെടിയുണ്ടകളുടെ ഡയമീറ്റര്‍ നോക്കി ഏതുതരം തോക്കില്‍ ഉപയോഗിക്കുന്നതാണെന്നു തിട്ടപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. ബാച്ച് നമ്പര്‍ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.

കണ്ടെടുത്ത വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വെടിയുണ്ടകളില്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയോടു സാമ്യമായ മുദ്ര അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ഓര്‍ഡന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പിഒഎഫ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

7.62 എംഎം അളവിലുള്ള ഉണ്ടകളാണിതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദീര്‍ഘദൂര പ്രഹരശേഷിയുള്ള തോക്കുകളിലാണ് ഉപയോഗിക്കുന്നത്.

സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്റെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ എന്‍ഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് മിലട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല വെടിയുണ്ട കണ്ടെത്തിയ പ്രദേശത്ത് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

Top