ഭുവനേശ്വര്‍: കേരളത്തിലും ബംഗാളിലും ഒഡീഷയിലും ഏതുവിധേനയും ബിജെപി അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഈ സംസ്ഥാനങ്ങളിലുള്‍പ്പെടെ 100 പാര്‍ലമെന്റ് സീറ്റുകള്‍ ബിജെപി നേടുമെന്നും അമിത് ഷാ വ്യക്തമാക്കി.
സിപിഎം അധികാരത്തിലുള്ള കേരളത്തിലുള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. അക്രമങ്ങളെ ഭയക്കുന്നില്ല. ജനകീയസമരം കൊണ്ടുനേരിടുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ സമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച നേതാവാണ്. ഇന്ത്യയുടെ സുവര്‍ണകാലഘട്ടം ഇനിയും ഉദിക്കാനിരിക്കുന്നതേയുള്ളൂ. പഞ്ചായത്തു മുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷപാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയുന്നത് സത്യം മറച്ചുപിടിക്കുന്നതിനാണ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ആലസ്യം മറന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുയായികളെ ആഹ്വാനം ചെയ്തു. ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയ നിരവധി നേതാക്കള്‍ നിര്‍വാഹകസമിതിയില്‍ പങ്കെടുത്തു.