ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കണമെന്നും ജനം വോട്ട് ചെയ്താണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കാന്‍ പോകുന്നതെന്നും ബിജെപി. ഇവിഎമ്മുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാക്കള്‍.
പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്ന് എന്‍ഡിഎ യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.
ജനഹിതം ബഹുമാനത്തോടെ അംഗീകരിക്കണമെന്നും വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് അല്‍പ്പത്തമാണെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മമതാ ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ചന്ദ്രബാബു നായിഡുവും അമരീന്ദര്‍ സിങ്ങുമെല്ലാം തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയപ്പോള്‍ വോട്ടിംഗ് യന്ത്രത്തിന് യാതൊരു തകരാറുമില്ല. എന്നാല്‍, മോദി അധികാരത്തിലേറുമ്പോള്‍ ഇവരെല്ലാം യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് നിയമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
ചൊവ്വാഴ്ചയാണ് 22 പ്രതിപക്ഷ നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. വിവിപാറ്റ് എണ്ണലില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
എന്നാല്‍, ക്രമക്കേട് നടന്നിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി ബുധനാഴ്ച പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതിയും ചൊവ്വാഴ്ച തള്ളിയിരുന്നു.
കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, അഭിഷേക് മനു സിംഗ്‌വി, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്ര, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍, ടിഎംസിയുടെ ഡെറക് ഒബ്രയന്‍, എസ്പി നേതാവ് രാംഗോപാല്‍ യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, ആര്‍ജെഡി മനോജ് ഷാ, എന്‍സിപി നേതാവ് മജീദ് മേമണ്‍, എന്‍സി ദേവീന്ദര്‍ റാണ എന്നിവരാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തത്.