തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയുടെ പ്രസംഗം വിവാദമാക്കി മാധ്യമങ്ങള്‍ നടത്തിയ നീക്കം ആസൂത്രിതമായിരുന്നുവെന്ന് സംസ്ഥാന ബിജെപി നേതൃത്വം. കേരളത്തിലെ ചാനലുകള്‍ പുറത്തുവിട്ട ബിജെപി അധ്യക്ഷന്റെ പ്രസംഗം ദിനപത്രങ്ങളില്‍ എല്ലാം സ്ഥാനം പിടിച്ചവയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം സംപ്രേക്ഷണം ചെയ്ത പ്രസംഗത്തില്‍ വാര്‍ത്താ ചാനലുകള്‍ പക്ഷം പിടിച്ചത് മുഖ്യമന്ത്രിയുടെ പ്രീതി നേടാനാണെന്നും ആണ് ഉയരുന്ന ആരോപണം.
ശബരിമലയില്‍ മാധ്യമ വിലക്ക് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ പ്രതിഷേധത്തിനിറങ്ങാന്‍ മാധ്യമ സംഘടനകളോ മാധ്യമ സ്ഥാപനങ്ങളോ മുതിര്‍ന്നില്ലെന്നതാണ് വസ്തുത. അതേസമയം ശ്രീധരന്‍ പിള്ളയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്തുകൊണ്ട് ചില മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്നു നടത്തിയത്. കേരളത്തിലെ ചാനല്‍ റേറ്റിങ്ങില്‍ സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവി രണ്ടാമത് എത്തിയതോടെ ആശങ്കയിലായ മുന്‍ നിര ചാനലുകളാണ് ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.
ബിഗ് ബ്രേക്കിങ് രീതിയില്‍ വളരെ ആസൂത്രിതമായിഎന്ന നിലയിലാണ് പ്രസംഗം സംപ്രേക്ഷണം ചെയ്തത്. ഒരു വാര്‍ത്ത ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസംഗം എന്നതിനപ്പുറം പൊതുസമൂഹത്തിനും ബിജെപി പ്രവര്‍ത്തകര്‍ക്കും ബോധ്യമായ വിഷയം വിവാദമാക്കുകയെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് പല ചാനലുകളും സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ ഈ ചാനലുകള്‍ പോലും ശ്രീധരന്‍ പിള്ളയുടെ ഈ പ്രസംഗം ഫെയ്‌സ് ബുക്ക് ലൈവായി ഉണ്ടായിരുന്നുവെന്ന് ബോധപൂര്‍വ്വം മറച്ചു വെച്ചാണ് വാര്‍ത്ത സൃഷ്ടിച്ചതെന്ന് ബിജെപി നേതൃത്വം തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടി.
ശ്രീധരന്‍ പിള്ളയുടെ പ്രസംഗം രഹസ്യമായ പരിപാടിക്കിടയില്‍ ആയിരുന്നില്ലെന്നും റെക്കോഡ് ചെയ്യുന്നതടക്കമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും അറിയിച്ച് മുതിര്‍ന്ന നേതാക്കള്‍ പോലും ശ്രീധരന്‍പിള്ളയ്ക്ക് പിന്തുണമായി രംഗത്തെത്തി. എന്നാല്‍ സന്നിധാനത്ത് നടന്ന മാധ്യമ വിലക്കിന് എതിരെ ശബ്ദിക്കാന്‍ പോലും തയ്യാറാകാത്തത് രൂക്ഷമായ ഭാഷയില്‍ ബിജെപി നേതൃത്വം വിമര്‍ശിച്ചു. ചില സാഹചര്യത്തില്‍ കൃത്യമായ ലക്ഷ്യത്തോടെ ആണ് ചില ചാനലുകള്‍ പെരുമാറുന്നത്. ബിജെപി. നേതൃത്വമാകട്ടെ സമൂഹത്തില്‍ നിന്ന് മറയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാടില്‍ തന്നെയാണ്. നേരത്തെ തന്നെ ശബരിമലയില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ചില മാധ്യമങ്ങളാകട്ടെ യുവതീ പ്രവേശനത്തെച്ചൊല്ലി തര്‍ക്കം നില നില്‍ക്കുന്ന ശബരിമലയിലേക്ക് പോലും യുവതികളെ അയച്ച് പ്രകോപനം സൃഷ്ടിക്കാന്‍ മുതിര്‍ന്നതായി നേതൃത്വം പറയുന്നു.
റേറ്റിങ് പുറത്തുവന്നതോടെ ആര്‍എസ്എസ് നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന മാതൃഭൂമി പിന്നീട് വിമര്‍ശനം മയപ്പെടുത്തുന്നതരത്തിലേക്ക് നീങ്ങിയത് എറ്റവും വലിയ തെളിവാണന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയെ വലിച്ച് താഴെയിടുമെന്ന പ്രസംഗത്തെ പോലും അമിത് ഷായെന്ന രാഷ്ട്രീയ ചാണക്യന്റെ ചടുല നീക്കങ്ങളായാണ് ഉദാഹരണം സഹിതം ചൂണ്ടിക്കാട്ടി മാതൃഭൂമി അവതാരകര്‍ ചാനല്‍ ചര്‍ച്ചകളില്‍ അവതരിപ്പിച്ചത്. ഇതിനിടെ സംഘപരിവാര്‍ ചാനല്‍ ഒരു വശത്ത് നിന്ന് മറ്റ് മാധ്യമങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമുണ്ടെന്ന് ചില മുന്‍നിര മാധ്യമസ്ഥാപനങ്ങള്‍ തുറന്ന് സമ്മതിക്കുന്നു. അതേസമയം, സോഷ്യല്‍ മീഡിയ, ദിനപ്പത്രം എന്നിവയില്‍ കൂടി വന്ന പ്രസംഗം വീണ്ടും ബിഗ് ബ്രേക്കിങ്ങായും ഫ്‌ളാഷായും സംപ്രേക്ഷണം ചെയ്യുന്നത് സമൂഹത്തില്‍ വലിയതോതില്‍ അസ്വസ്ഥത പടര്‍ത്തുമെന്ന ആരോപണം ഉയര്‍ത്തുന്ന ബിജെപി, സ്വന്തം നിലപാട് തന്നെ തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ്.