ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ കര്‍ണാടകയില്‍ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളാണ് പ്രതിഷേധത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
കുടക്, ശ്രീരംഗപട്ടണം, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടകില്‍ ടിപ്പു ജയന്തി ഹോരാട്ട സമിതി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നു കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
ഈ ആഘോഷങ്ങള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണെന്നും ആഘോഷങ്ങളുടെ പേരില്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ അനാവശ്യമായി ചിലവഴിക്കുകയാണെന്നും ബിജെപി ജില്ലാ സെക്രട്ടറി സജ്ജല്‍ കൃഷ്ണന്‍ പറഞ്ഞു.
‘ടിപ്പു ജയന്തിയുടെ പേരില്‍ സര്‍ക്കാര്‍ പൊതുപണം പാഴാക്കുന്നു. ടിപ്പു ഒരു യോദ്ധാവല്ല, അയാള്‍ നിരവധി ഹിന്ദുക്കളെ കൊന്നിരുന്നു. കൂടാതെ, ക്ഷേത്രങ്ങള്‍ ആക്രമിച്ചു. അങ്ങനെയൊരു വ്യക്തിയ്ക്ക് എന്തിനാണ് ഇത്ര മഹത്വം കല്‍പ്പിക്കേണ്ടത് ഇത് വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കുടകിലെ എല്ലാവരും ഈ ആഘോഷങ്ങളെ എതിര്‍ക്കുകയാണ്’, അദ്ദേഹം പറഞ്ഞു.
അതേസമയം ടിപ്പു ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കില്ല. മൂന്ന് ദിവസത്തേക്ക് മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.