ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നും നാളെയും ആലപ്പുഴയില്‍ നടക്കും.
വേങ്ങര ഉപതിരഞ്ഞെടുപ്പും മെഡിക്കല്‍ കോഴയും ജനരക്ഷാ യാത്രയും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാകും.
ഇന്നു രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന്, ഭാരവാഹി യോഗത്തിലും നാളത്തെ സംസ്ഥാന സമിതി യോഗത്തിലും ചര്‍ച്ച ചെയ്യേണ്ട അജന്‍ഡ നിശ്ചയിക്കും.
ജനരക്ഷാ യാത്ര അവലോകനമാണ് ഔദ്യോഗികമായി നിശ്ചയിച്ച അജന്‍ഡയെങ്കിലും മെഡിക്കല്‍ അഴിമിതി, വേങ്ങര, അടുത്ത കാലത്തു നടത്തിയ നിയമനങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ വന്നേക്കും.
കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധികളായി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷും എച്ച്.രാജയും പങ്കെടുക്കും. വേങ്ങര ഉപതിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയേക്കാള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ അപാകതകള്‍ ഒരു വിഭാഗം ഉന്നയിച്ചേക്കും. പ്രചാരണത്തിനു വേണ്ട ശ്രദ്ധ ലഭിച്ചില്ലെന്നും ആവശ്യത്തിനു പണം നല്‍കിയില്ലെന്നതും അടക്കമുള്ള ആരോപണങ്ങള്‍ നിലവിലുണ്ട്.
നടപടി എടുത്ത സാഹചര്യത്തില്‍ മെഡിക്കല്‍ കോഴ ചര്‍ച്ച ചെയ്യേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ രേഖ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണ കമ്മിഷനിലെ രണ്ടു പേര്‍ക്കെതിരെ നടപടി വേണമെന്നു എം.ടി.രമേശ് ആവശ്യപ്പെടുമെന്നാണ് അറിവ്.
അടുത്ത കാലത്തു കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയ നിയമനങ്ങളും ചര്‍ച്ചയില്‍ എത്തും. പാര്‍ട്ടിയില്‍ നേതൃത്വം പോലും അറിയാതെ ഒരു വിഭാഗം നേതാക്കള്‍ നിയമനങ്ങള്‍ കൈക്കലാക്കിയെന്നാണ് ആരോപണം. ജനരക്ഷാ യാത്ര വിജയമെന്നു പറയുമ്പോഴും സംഘടനാതലത്തില്‍ വേണ്ടത്ര ചലനമുണ്ടാക്കാന്‍ ആയിട്ടില്ലെന്നും കേന്ദ്രനേതൃത്വത്തിനു തന്നെ ചിന്തയുണ്ട്. പാര്‍ട്ടി വക്താക്കളെ മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിച്ചേക്കും.