തൃശ്ശൂർ; പി സി ജോർജിനെ കണ്ടെത്താനുള്ള പൊലീസിൻറെ തെരച്ചിലിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ രംഗത്ത്. പി.സി ജോർജിൻ്റെ പ്രസംഗം അപരാധമെങ്കിൽ പിസി യെക്കാൾ മ്ലേച്ഛമായി സംസാരിച്ചവർ ഇന്നും വിലസുന്നു.ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്നു പറഞ്ഞ ഫസൽ ഗഫൂറിനെതിരെ സർക്കാർ കേസെടുത്തോ?: എന്താണ് പി.സി ജോർജിനെതിരെ മാത്രം കേസെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.പാലാ ബിഷപ്പിനെതിരെ പിഎഫ്ഐ തിരിഞ്ഞപ്പോൾ ബി ജെ പി പ്രവർത്തകരാണ് സംരക്ഷിക്കാനെത്തിയത്.മറ്റാളുകളെ അറസ്റ്റ് ചെയ്ത ശേഷം മതി പി സിയെ അറസ്റ്റ് ചെയ്യുന്നത്.പി സി ജോർജിന്റെ പാർട്ടിക്ക് ജനാധിപത്യ സംരക്ഷണം നൽകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.
ഇന്നലെ പി സി ജോർജിൻറെ ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോർജ് ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.