കിഫ്ബി കേസില്‍ തോമസ് ഐസക് വെള്ളം കുടിക്കും,കോടതിയുടെ ഒരു പരിരക്ഷയും ലഭിക്കില്ല: സുരേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കിഫ്ബി കേസില്‍ തോമസ് ഐസക് വെള്ളം കുടിക്കും. കേസില്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകണം. കോടതിയുടെ ഒരു പരിരക്ഷയും ലഭിക്കില്ല. കിഫ്ബിയിലൂടെ കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസക്കെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

അതേസമയം മസാല ബോണ്ട് കേസില്‍ മുഴുവന്‍ രേഖകളുമായി ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് ലഭിച്ചു. കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നോട്ടീസ്. എന്നാല്‍ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് ഐസക്കിന്റെ നിലപാട്.

ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നും ഇഡിയുടെ സമന്‍സില്‍ അവശ്യപ്പെട്ടിട്ടുണ്ട്. 2021ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയില്ല. അതുവരെയുള്ള കാര്യങ്ങള്‍ ഇഡിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഏതു കാരണത്താലാണ് തനിക്ക് സമന്‍സ് തരുന്നതെന്ന കാര്യം ഇഡി വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം. ഇതെല്ലാം ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Top