ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനം സന്ദര്‍ശിച്ചു

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനം സന്ദര്‍ശിച്ചു. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. മുന്‍ നിശ്ചയപ്രകാരം എന്‍ഡിഎയുടെ സ്‌നേഹയാത്രയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്.

കോണ്‍ഗ്രസോ സിപിഐഎമ്മോ പറയുന്നത് പോലെ സ്‌നേഹയാത്രയില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കാനും സ്‌നേഹയാത്രയില്‍ പരിശ്രമിക്കും. വി ഡി സതീശന്റെ കോണ്‍ഗ്രസിനെക്കാള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വിശേഷിച്ച് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം ബിജെപിയോടാണ്. സതീശന്‍ ചപ്പടാച്ചി നേതാവാണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. സതീശന്‍ മത സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങി വോട്ട് അഭ്യര്‍ത്ഥിക്കും. പിന്നീട് അവരെ തള്ളിപ്പറയും. കോണ്‍ഗ്രസില്‍ ഇങ്ങനെ ഒരു നേതാവ് ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടിയും, കെ മുരളീധരനും, രമേശ് ചെന്നിത്തലയും കാണിക്കാത്ത ബഹുമാനക്കുറവാണ് സാമുദായിക നേതൃത്വങ്ങളോട് വി ഡി സതീശനെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചിരുന്നു. ജനുവരിയില്‍ പദയാത്ര നടത്താനാണ് തീരുമാനം. പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയാണ് പദയാത്ര കടന്ന് പോകുന്നത്. ഒരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നും ബിജെപി അറിയിച്ചിരുന്നു.ക്രിസ്ത്യന്‍ സമൂഹവുമായി ഇടപഴകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സ്‌നേഹയാത്ര. ക്രൈസ്തവരുടെ വീടുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 20 മുതല്‍ 30 വരെ സ്‌നേഹ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ക്രിസ്തുമസ് ആശംസകള്‍ കൈമാറുമെന്നും അറിയിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തിന്റെ പേരില്‍ അകല്‍ച്ച കാണിക്കുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്‌നേഹയാത്ര എന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

Top