വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. പ്രത്യേക ഘട്ടത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. ഗൗരവമായ കുറ്റകൃത്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യമായി. സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. പൊലീസിന്റെ കൈകളില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്നും തെളിവുകള്‍ പൊലീസ് മറച്ചുവയ്ക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നു. കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇനിയും ഒളിച്ചു കളിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകും. ബിജെപി നിതാന്ത ജാഗ്രത തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം, തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതില്‍ അന്വേഷണം നടത്താന്‍ പൊലീസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ II നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഐപിസി 465, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 465 വ്യാജരേഖ ചമച്ചതിന് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 468 വഞ്ചനയ്ക്കായി വ്യാജ രേഖ ചമച്ചതിന് ഏഴ് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഐപിസി 471 ഒരു വ്യാജരേഖ യഥാര്‍ത്ഥമായി ഉപയോഗിച്ചുവെന്ന കുറ്റമാണ്.

Top