പെരിയാര്‍ വിവാദത്തില്‍ നടന്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി

ചെന്നൈ: പെരിയാര്‍ വിവാദത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി രംഗത്ത്. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍, ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പു പറയുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു.

അതേസമയം രജനികാന്തിനെതിരെ തമിഴ്‌നാട്ടിലെ വിവധ ഇടങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. മധുരയില്‍ ഡിവികെ പ്രവര്‍ത്തകര്‍ രജനീകാന്തിന്റെ കോലം കത്തിച്ചു. രജനികാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിവിധ തമിഴ് സംഘടനകള്‍ ചെന്നൈയില്‍ പ്രതിഷേധ റാലി നടത്തി.

രജനീകാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ തമിഴ് സംഘടനകള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, രജനീകാന്തിന്റെ പ്രസ്താവനയില്‍ ഡിഎംകെയും അണ്ണാ ഡിഎംകെയും അതൃപ്തി രേഖപ്പെടുത്തി.

അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി 1971 ല്‍ പെരിയാര്‍ റാലി നടത്തി എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. അന്നത്തെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും, പ്രതികരണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

താരത്തിന്റെ രാഷ്ട്രീയ പ്രവേശനചര്‍ച്ചകള്‍ തമിഴ്നാട്ടിലടക്കം ചൂടേറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം എന്നത് ശ്രദ്ധേയമാണ്.

Top