റാഞ്ചി: വീട്ടുജോലിക്കാരിയെ ഉപദ്രവിച്ച കേസിൽ ഝാർകണ്ഡ് ബിജെപി നേതാവ് സീമ പത്രയ്‌ക്കെതിരെ കേസ്. സീമയെ ബിജെപി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ എട്ട് വർഷമായി സീമയുടെ വീട്ടിലെ സഹായിയാണ് 29 കാരിയായ സുനിത കുമാരി. ഗുംല സ്വദേശിയായ സുനിതയെ സീമ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് ഓഗസ്റ്റ് 22ന് സെക്ഷൻ 323, 325, 346 , 374, എസ്‌സി/എസ്ടി ആക്ട് സെക്ഷൻ 3 (1) (a) (b) (h) പ്രകാരം പൊലീസ് സീമയ്‌ക്കെതിരെ കേസെടുത്തു. സംഭവത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന സുനിതയുടെ മൊഴി സിആർപിസി സെക്ഷൻ 164 പ്രകാരം രേഖപ്പെടുത്തു.എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളോട് പാർട്ടിക്ക് സഹിഷ്ണുതയില്ലെന്ന് തെളിയിക്കുന്ന സംഭവം പരസ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അവരെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തതായി സംസ്ഥാന ബിജെപി അധ്യക്ഷ പറഞ്ഞു. “പാർട്ടിയിൽ നിന്ന് പ്രാഥമിക അംഗത്വം റദ്ദാക്കി. വിഷയം വിശദമായി അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം അവർക്കെതിരെ കർശന നടപടിയെടുക്കും. ബിജെപിയിൽ ഇത്തരക്കാർക്ക് സ്ഥാനമില്ല,” ബിജെപി വക്താവ് പറഞ്ഞു.
“ഇരയ്ക്ക് നേരെ നടന്ന അതിക്രമം അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണ്, ഒരു മനുഷ്യനെതിരെയുള്ള ഇത്തരം അക്രമം ലജ്ജാകരമാണ്,” എൻസിഡബ്ല്യുവിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “ഏഴ് ദിവസത്തിനകം വിഷയത്തിൽ കമ്മീഷനെ അറിയിക്കണം,” പ്രസ്താവനയിൽ പറഞ്ഞു.