തിരുവനന്തപുരം: ഇടതുമുന്നണിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ‘അട്ടിമറി’ നടത്താന്‍ ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടാവുമെന്ന ആശങ്കയില്‍ സിപിഎം.
പ്രമുഖ ബിജെപി നേതാക്കള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പ് വരുത്താന്‍ ആര്‍എസ്എസ് ഇടപെടല്‍ നടത്തുമെന്ന സൂചനയാണ് സിപിഎമ്മിന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ യുഡിഎഫിന്റെ ഭരണ തുടര്‍ച്ചയാണ് ഭേദമെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും സംഘ്പരിവാര്‍ നേതൃത്വം.
തിരുവനന്തപുരം,കാസര്‍കോഡ്,പാലക്കാട്,തൃശ്ശൂര്‍,പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് ബിജെപി ഇത്തവണ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്.
ചുരുങ്ങിയത് 5 സീറ്റിലെങ്കിലും വിജയിക്കാനും 25 സീറ്റിലെങ്കിലും രണ്ടാമതെത്താനുമാണ് ശ്രമം.
മറ്റ് ഇടങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ, പ്രത്യേകിച്ച് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പ് വരുത്തണമെന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വികാരം.
സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ സിബിഐക്ക് വിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായതും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചതുമാണ് തമ്മില്‍ ഭേദം യുഡിഎഫ് സര്‍ക്കാരാണെന്ന വിലയിരുത്തലിലേക്ക് നേതൃത്വത്തെ എത്തിച്ചതത്രെ.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്രഭരണത്തിന്റെ തണലില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിനെത്തുന്നതോടെ ബിജെപിയുടെ സാധ്യത വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഒരു തൂക്ക് നിയമസഭക്കാണ് സാധ്യതയെന്നും ഏതാനും എംഎല്‍എമാരെ വിജയിപ്പിച്ചാല്‍ കേരളരാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കാന്‍ പറ്റുമെന്നുമുള്ള പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ നിയോഗിച്ച പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ഒരു വോട്ട് പോലും പാഴാകാതെ ജാഗ്രത പാലിക്കാനും വിവാദങ്ങളില്‍ തലയിടരുതെന്നും കേന്ദ്രനേതൃത്വം പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടുത്ത ആര്‍എസ്എസ് വിരോധികളായ സിപിഎം നേതാക്കളുടെ പരാജയം ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം ഉള്ളതിനാല്‍ മലമ്പുഴയില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് വിഎസ് അച്യുതാനന്ദനെ സംബന്ധിച്ച് നിര്‍ണ്ണായകമാവും.
പിണറായി മത്സരിക്കുന്ന ധര്‍മ്മടത്ത് ആര്‍എസ്എസ് വിചാരിച്ചാല്‍ പോലും പിണറായിയെ തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കിലും മലമ്പുഴയിലെ സ്ഥിതി അതല്ല.
ബിജെപിക്ക് ശക്തമായ സംഘടന അടിത്തറയുള്ള സ്ഥലമാണ് മലമ്പുഴ. മാത്രമല്ല ഇപ്പോള്‍ തന്നെ വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശപ്രകാരം എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരും ബിഡിജെഎസ് പ്രവര്‍ത്തകരും വിഎസിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുമുണ്ട്.
സിപിഎം അണികളില്‍ ഒരു വിഭാഗം വിഎസിനെതിരായ നിലപാട് സ്വീകരിക്കുമെന്ന കണക്ക്കൂട്ടലിലാണ് എതിരാളികളുടെ നീക്കം.
വെള്ളാപ്പള്ളിയുടെ നിലനില്‍പ്പിന് ഇടതുമുന്നണി അധികാരത്തില്‍ വരാതിരിക്കേണ്ടതും വിഎസ് വിജയിക്കാതിരിക്കേണ്ടതും അനിവാര്യമാണ്.
എന്നാല്‍ എതിരാളികള്‍ ഒന്നിക്കുന്നത് ആത്യന്തികമായി വിഎസിന്റെ ഭൂരിപക്ഷം കുത്തനെ വര്‍ധിപ്പിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരുടെയും ‘ചാക്കി’ലാകില്ലെന്നുമാണ് മലമ്പുഴയിലെ സിപിഎം അണികള്‍ പറയുന്നത്.
ബിജെപി-സിപിഎം ‘പോര്’ ഭരണത്തുടര്‍ച്ചക്ക് വഴിയൊരുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ വിജയിച്ച മിക്ക എംഎല്‍എമാര്‍ക്കും ലഭിച്ച ഭൂരിപക്ഷം വളരെ കുറവായത് അട്ടിമറി സാധ്യത വര്‍ധിപ്പിക്കുന്നതാണ്.