39 ലോക്സഭാ സീറ്റുകളുള്ള തമിഴ് നാട്ടിൽ പിടിമുറുക്കാൻ സൂപ്പർ താരങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ തന്ത്രപരമായ കരുനീക്കം. ദളപതി വിജയ്, തല അജിത്ത് എന്നീ സൂപ്പർ താരങ്ങളെയാണ് ബി.ജെ.പി ദേശീയ നേതാക്കൾ ലക്ഷ്യമിടുന്നത്. ഇവരിൽ ആരെയെങ്കിലും ഒപ്പം കൂട്ടിയില്ലങ്കിൽ തമിഴകം ഡി.എം.കെ മുന്നണി തൂത്തുവാരുമെന്നാണ് ബി.ജെ.പി ഭയക്കുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച അണ്ണാ ഡി.എം.കെയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇതാണ് പുതിയ നീക്കങ്ങൾക്ക് ബി.ജെ.പിയെ പ്രേരിപ്പിച്ചിരിക്കുന്നത്.
സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങില്ലന്ന് പ്രഖാപിച്ചതോടെ ആ വഴിക്കുള്ള ശ്രമം ഉപേക്ഷിച്ചാണ് യുവ താരങ്ങൾക്കു പിന്നാലെ ബി.ജെ.പി നിലവിൽ കൂടിയിരിക്കുന്നത്. അണ്ണാ ഡി.എം.കെ മുന്നണിയിൽ തുടർന്നതു കൊണ്ട് തമിഴ് നാട്ടിൽ ബി.ജെ.പിക്ക് ഒരു നേട്ടവും ഉണ്ടാക്കാൻ കഴിയില്ലന്ന രഹസ്യാന്വേഷണ റിപ്പോർട്ടും കേന്ദ്രത്തിനു ലഭിച്ചിട്ടുണ്ട്. ഇതോടു കൂടിയാണ് പുതിയ സാധ്യത തേടി ബി.ജെ.പി ദേശീയ നേതൃത്വം തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തിലെ പോലെ തന്നെ ജനകീയനായ ഒരു നേതാവ് തമിഴ് നാട്ടിലും ബി.ജെ.പിക്ക് ഇല്ല. മാത്രമല്ല, ദ്രാവിഡ പാർട്ടികളുടെ കോട്ട തകർക്കാൻ തരംഗം സൃഷ്ടിക്കാൻ ശേഷിയുള്ള താരങ്ങൾ ആവശ്യവുമാണ്.
രാഷ്ട്രീയവും സിനിമയും ഇടകലർന്ന തമിഴകത്ത് നിലവിലെ സാഹചര്യത്തിൽ അത്രമാത്രം കരുത്തുള്ളത് ദളപതി വിജയ്ക്കും അജിത്തിനും മാത്രമാണ്. തന്റെ ഫാൻസ് അസോസിയേഷനെ പോലും പിരിച്ച് വിട്ട് മാറി നിൽക്കുന്ന നടൻ അജിത്ത് രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ബി.ജെ.പി നേതൃത്വത്തിനു തന്നെ സംശയമുണ്ടെങ്കിലും അദ്ദേഹത്തെ സ്വാധീനിക്കാൻ സംഘപരിവാർ നേതൃത്വം പരമാവധി ശ്രമിക്കുന്നുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുമായ ഏറെ അടുപ്പമുണ്ടായിരുന്ന അജിത്ത് വിചാരിച്ചാൽ അണ്ണാ ഡി.എം.കെയെ ശക്തിപ്പെടുത്താൻ കഴിയുമെന്ന വിലയിരുത്തൽ അണ്ണാ ഡി.എം.കെ അണികൾക്കും ഉണ്ട്.
മുൻ മുഖ്യമന്ത്രിമാരായ പളനിസ്വാമി – പനീർ ശെൽവം വിഭാഗങ്ങളിലായി രണ്ടായി പിളർന്നിരിക്കുന്നതിനാൽ അണ്ണാ ഡി.എം.കെയെ സംബന്ധിച്ചും ഇനിയൊരു തിരിച്ചു വരവ് പ്രയാസകരമാണ്. ബി.ജെ.പി തേടുന്നതു പോലെ കരുത്തനായ ഒരു താരത്തെ അണ്ണാ ഡി.എം.കെയ്ക്കും അനിവാര്യമാണ്. ബി.ജെ.പിയോട് സഹകരിക്കാൻ അജിത്തിനും ദളപതിക്കും പ്രയാസമുണ്ടെങ്കിൽ അവർ എൻ.ഡി.എയുടെ ഭാഗമായ അണ്ണാ ഡി.എം.കെയോട് സഹകരിച്ചാലും മതിയെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വമുള്ളത്. എന്നാൽ രണ്ട് യുവതാരങ്ങളും ഇതുവരെ ബി.ജെ.പിക്ക് പിടി കൊടുത്തിട്ടില്ല. ഇതു സംബന്ധമായി വിജയ് യുമായി ചേർത്തു വരുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ദളപതിയും തയ്യാറായിട്ടില്ല.
തന്റെ സിനിമകളിലൂടെ നിരന്തരം മോദി സർക്കാറിന്റെ നയങ്ങളെ വിമർശിച്ച താരമാണ് വിജയ്. ഇതു മൂലം ഇൻകം ടാക്സ് – എൻഫോഴ്സ് മെന്റ് വിഭാഗങ്ങളുടെ പ്രതികാര നടപടികളും താരത്തിനെതിരെ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാറിനോടും അണ്ണാ ഡി.എം.കെ സർക്കാറിനോടും ഉണ്ടായിരുന്ന ദേഷ്യം നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ സൈക്കിൾ സവാരി നടത്തിയാണ് വിജയ് തീർത്തിരുന്നത്. വോട്ടുചെയ്യാൻ സൈക്കിളിൽ എത്തിയ ദളപതിയുടെ നടപടി വൻ വാർത്താ പ്രാധാന്യമാണ് തമിഴകത്ത് നേടിയിരുന്നത്. ഇന്ധന വിലവർദ്ധനവിന് എതിരായ വിജയ് യുടെ പ്രതിഷേധമായാണ് ഈ നടപടി ചിത്രീകരിക്കപ്പെട്ടിരുന്നത്. ഇതിന്റെ നേട്ടം ലഭിച്ചതാകട്ടെ ഡി.എം.കെ മുന്നണിക്കുമായിരുന്നു.
അണ്ണാ ഡി.എം.കെയുടെ 10 വർഷത്തെ തുടർച്ചയായ ഭരണം തകർകത്തറിഞ്ഞാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ മുന്നണി അധികാരത്തിൽ വന്നിരിക്കുന്നത്. ജനപ്രിയ നടപടികളുമായി മുന്നോട്ട് പോകുന്ന സ്റ്റാലിൻ മികച്ച ഇമേജും ഇതിനകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നതും ഈ യാഥാർത്ഥ്യമാണ്. മാത്രമല്ല കമലഹാസന്റെ ‘മക്കൾ നീതി മയ്യം’ ഡി.എം.കെ മുന്നണിയിൽ ചേരാനുളള സാധ്യതയും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ കമലിന്റെ താരപരിവേശവും ഡി.എം.കെ മുന്നണിക്കാണ് ഗുണം ചെയ്യുക.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ തമിഴകത്ത് ഡി.എം.കെ നേട്ടമുണ്ടാക്കിയാൽ അത് ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിനാണ് കരുത്ത് പകരുക. മോദിയെയും അമിത് ഷായെയും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണിത്. ദക്ഷിണേന്ത്യയിൽ കർണ്ണാടക കഴിഞ്ഞാൽ ബി.ജെ.പി നേട്ടം പ്രതീക്ഷിക്കുന്നത് തെലങ്കാനയിലാണ്. കേരളത്തിൽ രണ്ട് സീറ്റുകളാണ് ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്. ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ്സുമായി സഖ്യ സാധ്യത അടഞ്ഞാൽ തെലങ്കുദേശവുമായി വീണ്ടും സഖ്യം ചേരാനാണ് ആലോചന.
പ്രതിപക്ഷ പാർട്ടികളുടെ ശക്തി കേന്ദ്രമായ ദക്ഷിണേന്ത്യ പിടിക്കണമെങ്കിൽ ആദ്യം വീഴ്ത്തേണ്ടത് ഈ മേഖലയിൽ ഏറ്റവും കൂടുതൽ ലോകസഭ സീറ്റുകൾ ഉള്ള തമിഴ് നാടാണ് എന്ന തിരിച്ചറിവിലാണ് സൂപ്പർ താരങ്ങൾക്ക് മേൽ ബി.ജെ.പി സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്. ദളപതിയുമായി ഉണ്ടായിരുന്ന സകല ഭിന്നതകളും മറന്നാണ് കൈ കൊടുക്കാൻ ബി.ജെ.പി നേതൃത്വം തയ്യാറായിരിക്കുന്നത്. തമിഴകത്ത് ഏറ്റവും കൂടുതൽ ജനകീയനായ താരം നിലവിൽ വിജയ് ആണെന്ന കാര്യത്തിൽ സംഘപരിവാറിനു പോലും സംശയമില്ല. രാഷ്ട്രീയത്തോട് അതിയായ താൽപ്പര്യമുള്ളയാളാണ് വിജയ് എന്നതിനാൽ അദ്ദേഹത്തിലേക്കുള്ള ദൂരം കുറവാണെന്നാണ് ബി.ജെ.പി കരുതുന്നത്.
ഇതുവരെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചില്ലെങ്കിലും ദളപതിയുടെ ഫാൻസ് അസോസിയേഷനായ “വിജയ് മക്കള്‍ ഇയക്കം” കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ മത്സരിക്കുകയും നിരവധി സീറ്റുകളില്‍ അട്ടിമറി വിജയം നേടുകയും ചെയ്തിട്ടുണ്ട്. 2021 -ല്‍ തമിഴ്‌നാട്ടിലെ പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം നേടിയതും വിജയ് മക്കൾ ഇയക്കത്തിലെ അംഗമാണ്. ഈ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച വിജയിയുടെ നൂറിലധികം ആരാധകരാണ് വിജയിച്ചു കയറിയിരുന്നത്. തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ച സംഭവമാണിത്.
വിജയ് പ്രചരണത്തിന് എത്തുകയോ സ്ഥാനാർത്ഥികൾക്കായി പ്രസ്താവന നടത്തുകയോ ചെയ്യാതെയാണ് ഇത്ര വലിയ വിജയം ആരാധകരായ സ്ഥാനാർത്ഥികൾ സ്വന്തമാക്കിയിരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനും പ്രചാരണ വേളയില്‍ തന്റെ ചിത്രവും ഫാൻസിന്റെ പതാകയും ഉപയോഗിക്കാനും മാത്രമാണ് നടന്‍ വിജയ് ആരാധകരെ അനുവദിച്ചിരുന്നത്. ദളപതി രംഗത്തിറങ്ങാതെ തന്നെ ഇത്ര വലിയ വിജയം നേടാൻ കഴിയുമെങ്കിൽ വിജയ് തിരഞ്ഞെടുപ്പ് ഗോഥയിൽ പരസ്യമായി ഇറങ്ങിയാൽ എന്താകും അവസ്ഥയെന്നത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ചങ്കിടിപ്പിക്കുന്ന ചോദ്യമാണ്. പഴയ തലമുറ സ്റ്റാലിനോടെ അരങ്ങൊഴിയുമ്പോൾ ശൂന്യമാക്കപ്പെടുന്ന തമിഴക രാഷ്ട്രീയത്തിൽ ദളപതി വിജയ് ക്കും അജിത്ത് കുമാറിനും സാധ്യതകൾ ഏറെയാണ്.
സിനിമാ താരങ്ങളായി വന്ന് ജനമനസ്സുകൾ കീഴടക്കിയ ശേഷം മുഖ്യമന്ത്രി പദത്തിലെത്തിയവരാണ് എം.ജി രാമചന്ദ്രനും ജയലളിതയും. മികച്ച തിരക്കഥകൃത്തായി തമിഴ് മനസ്സുകളെ സ്വാധീനിച്ച് തമിഴക ഭരണം പിടിച്ച നേതാവാണ് എം. കരുണാനിധി. ഇവർക്കു ശേഷം സിനിമാ മേഖലയിൽ നിന്നും ഒരു പുതിയതാരോദയം തമിഴ് നാട് രാഷ്ട്രീയത്തിൽ ഇനിയും സംഭവിക്കാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. ഇപ്പോൾ തന്നെ സിനിമാ താരം കൂടിയായ മകൻ ഉദയനിധിയെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്റെ പിൻഗാമിയായി ഉയർത്തി കൊണ്ടു വരുന്നത്. വിജയ് ആയാലും അജിത്ത് ആയാലും അവർ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഏറ്റുമുട്ടേണ്ടി വരിക ഉദയനിധി നയിക്കുന്ന ഡി.എം.കെ മുന്നണിയോട് ആയിരിക്കും.
ഒരു കേഡർ പാർട്ടി എന്ന നിലയിൽ ശക്തമായ സംഘടനാ സംവിധാനം ഡി.എം.കെക്ക് തമിഴ് നാട്ടിൽ എക്കാലത്തും ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ഉദയനിധിക്ക് അത് നേട്ടമാകുമെങ്കിലും തലയോ ദളപതിയോ ‘എതിരിയായി’ വന്നാൽ പിടിച്ചു നിൽക്കുക ബുദ്ധിമുട്ടാകും. തമിഴ് നാട്ടിലെ കുഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ അത്രമാത്രം സ്വാധീനം ഈ രണ്ടു താരങ്ങൾക്കും ഉണ്ട്. ഒന്നു വിരൽ ഞൊടിച്ചാൽ ലക്ഷങ്ങളെ ജില്ലകൾ തോറും തെരുവിൽ ഇറക്കാൻ കഴിയുന്ന കരുത്താണത്. അത് കണ്ടിട്ടു തന്നെയാണ് ഈ സൂപ്പർ താരങ്ങൾക്കായി മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളും രംഗത്തു വന്നിരിക്കുന്നത്. ഇനി നിലപാട് പറയേണ്ടത്… തലയും ദളപതിയുമാണ്. അതിനായാണ് തമിഴക രാഷ്ട്രീയവും കാതോർത്തിരിക്കുന്നത്.
EXPRESS KERALA VIEW