ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ ബിജെപി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തിനു പിന്നാലെയാണ് തീരുമാനം. നിലവിൽ രാജ്യസഭാംഗങ്ങളായ നിരവധി പേരെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. സ്ഥാനാർഥി പട്ടിക നേരത്തെ പ്രഖ്യാപിക്കാനുള്ള പരീക്ഷണം സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

സ്ഥാനാർഥി പട്ടിക നേരത്തെ പ്രഖ്യാപിച്ചതിലൂടെ എതിരാളികളെക്കാൾ മെച്ചപ്പെട്ട തുടക്കമുണ്ടാക്കാനും സ്ഥാനാർഥിത്വം നൽകാത്തവരുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കൂടി കണക്കിലെടുത്താണു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് വളരെ മുൻപുതന്നെ ലോക്‌സഭാ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് ബിജെപി ഒരുങ്ങുന്നതെന്നാണ് വിലയിരുത്തൽ. രണ്ടു ദിവസത്തെ ബിജെപി ദേശീയ ഭാരവാഹി യോഗത്തിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാന അധ്യക്ഷർ മുൻരീതിയിൽ നിന്ന് മാറി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചത് എങ്ങനെ വിജയമായെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ആദ്യ രണ്ടു പട്ടികയിലും സ്ഥാനാർഥികളായ വലിയൊരു വിഭാഗം വിജയിച്ചു. ഫെബ്രുവരിയിലോ മാർച്ചിലോ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി അവസാനത്തോടെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തുടങ്ങിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ ഏതാനും പ്രമുഖരോടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടേക്കും.

Top