100 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കാൻ ബിജെപി; നരേന്ദ്ര മോദിയും അമിത്‌ ഷായും ആദ്യപട്ടികയിലെന്ന് റിപ്പോർട്ട്

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി തയാറെടുത്തതായി റിപ്പോർട്ട്. അടുത്തയാഴ്ച ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദ്യ പട്ടികയിൽ തന്നെ ഉൾപ്പെടുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാനിരിക്കെയാണ് ബിജെപിയുടെ സുപ്രധാന നീക്കം. ആദ്യഘട്ട പട്ടികയിൽ 100 സ്ഥാനാർഥികളെയാണു പ്രഖ്യാപിക്കുക. വ്യാഴാഴ്ചയാണ് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്.

ആദ്യഘട്ട പ്രഖ്യാപനത്തെ വളരെയധികം നിർണായകമായാണു ബിജെപി കാണുന്നത്. ലോക്‌സഭയിലെ 543 സീറ്റുകളിൽ 370 എണ്ണം നേടണമെന്നതാണു ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ട് സുപ്രധാന സ്ഥാനാർഥികളെയാകും ആദ്യപട്ടികയിൽ പ്രഖ്യാപിക്കുക. ഇതിനു പുറമെ എൻഡിഎയുടെ സീറ്റുകൾ 400ൽ എത്തിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.

അടുത്തിടെ ബിജെപിയുടെ ദേശീയ കൺവൻഷനിൽ അടുത്ത നൂറു ദിവസം ഊർജത്തോടെ പ്രവർത്തിക്കണമെന്നു ബിജെപി നേതാക്കളോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം. എൻഡിഎ 400 സീറ്റ് നേടണം. എൻഡിഎ 400 സീറ്റ് നേടണമെങ്കിൽ ബിജെപി 370 സീറ്റ് നേടണം. കൂട്ടായ പ്രവർത്തനമുണ്ടായാൽ ബിജെപി കൂടുതൽ സീറ്റ് നേടുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്

Top