ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ദേശ സുരക്ഷക്കും ഹിന്ദുത്വത്തിനും സ്ത്രീശാക്തീകരണത്തിനും പരിഗണന നല്‍കുന്നതാകും ബി.ജെ.പിയുടെ പ്രകടന പത്രിക. രാമക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ‌സൂചന. ഇന്ന് പതിനൊന്ന് മണിക്കാണ് പ്രകടന പത്രികയുടെ പ്രകാശനം.

ദേശ സുരക്ഷയും സ്ത്രീ ശാക്തീകരണവുമാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ‍്‍ലി നേരത്തെ പറഞ്ഞിരുന്നു. സ്വാഭാവികമായും ഇവയ്ക്ക് പ്രാധാന്യം നല്‍കുന്നതാകും ഇന്ന് പുറത്തിറക്കുന്ന ബി.ജെ.പി പ്രകടന പത്രിക.

അയോധ്യ, ഗംഗയ്ക്ക് പുറമെ മറ്റു നദികളിലേക്കും ശുദ്ധീകരണ പദ്ധതി എന്നിവയാണ് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള ബിജെപി പ്രകടനപത്രികയിലെ മറ്റു വാഗ്ദാനങ്ങള്‍.ഇതിന് പുറമെ കാശി വിശ്വനാഥക്ഷേത്രത്തിനായുള്ള കോറിഡോര്‍ പദ്ധതി നടപ്പാക്കും, കശ്മീരിന്റെ പ്രത്യേകാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം 370 എടുത്തുകളയും എന്നീ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ടെന്നാണ് വിവരം.

തീവ്രവാദം അടിച്ചമർത്തുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് പറയുന്നുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ തൊഴിലിന് പ്രത്യേക മന്ത്രാലയമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ബിജെപി മുന്നോട്ട് വയ്ക്കും. കൃഷിക്കാരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാനുള്ള പദ്ധതികളും പ്രകടന പത്രികയിലുണ്ടാവും.

Top