BJP to sweep Delhi civic elections, predict 2 surveys

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ് രിവാളിന്റെ ആംആദ്മി പാര്‍ട്ടി തരിപ്പണമാവുമെന്ന് അഭിപ്രായ സര്‍വേകള്‍. ഡല്‍ഹിയിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുമെന്നാണ് വിവിധ സര്‍വേകള്‍ നല്‍കുന്ന സൂചന.

മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ 272 ല്‍ 195 സീറ്റുകളും ബിജെപി നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. 179 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് എബിപി ന്യൂസിന്റെ വിലയിരുത്തല്‍. ആം ആദ്മി പാര്‍ട്ടി 45 മുതല്‍ 55 വരെ സീറ്റ് നേടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 26 സീറ്റ് നേടുമെന്ന് എബിപി പ്രവചിക്കുമ്പോള്‍ കേവലം 15 സീറ്റുകള്‍ മാത്ര നേടി തകര്‍ന്നടിയുമെന്നാണ് ടൈംസ് നൗവിന്റെ വിലയിരുത്തല്‍.

ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിക്കുമെന്നും നോര്‍ത്ത് കോര്‍പ്പറേഷനില്‍ ബിജെപി 104ല്‍ 76, സൗത്തില്‍ 60 സീറ്റുകള്‍ വരെ നേടുമെന്നും എബിപി പ്രവചിക്കുന്നു. ഈസ്റ്റ് കോര്‍പ്പറേഷനിലെ 64ല്‍ 43 സീറ്റുകളും ബിജെപി നേടും. ആം ആദ്മി പാര്‍ട്ടി നോര്‍ത്തില്‍ 13 സീറ്റും സൗത്തില്‍ 21 സീറ്റുകളും ഈസ്റ്റില്‍ 11 സീറ്റുമാകും നേടുക.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമുണ്ടാക്കിയാല്‍ ആം ആദ്മിയ്ക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരും. ഡല്‍ഹിയിലെ സിറ്റിങ് സീറ്റില്‍ മൂന്നാം സ്ഥാനത്തായിപ്പോയ എഎപിക്ക് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ച് വരാന്‍ കഴിഞ്ഞില്ലങ്കില്‍ അത് വലിയ വെല്ലുവിളിയാകും.

Top