ആശയ പ്രചരണത്തിന് ദുര്‍ഗ്ഗാപൂജ പന്തലുകളില്‍ പുസ്തക വിതരണം നടത്തി ബിജെപി

കൊല്‍ക്കത്ത: ബംഗാളിലെ ഏറ്റവും വലിയ ആഘോഷമായ ദുര്‍ഗ്ഗാ പൂജ മുതലെടുത്ത് സംസ്ഥാനത്ത് അധികാരമുറപ്പിക്കാനൊരുങ്ങി ബിജെപി. 3,000 പുസ്തകശാലകളാണ് ഓരോ ദുര്‍ഗ്ഗാ പൂജ മണ്ഡലങ്ങളുടെയും മുന്നില്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടി ആശയങ്ങളും മറ്റും ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളാണ് ഇവിടെ ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ജനസംഘം, ദീന്‍ ദയാല്‍ ഉപാധ്യായ തുടങ്ങിയവരെക്കുറിച്ചു പരാമര്‍ശിക്കുന്ന പുസ്തകങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

ദേശീയ അംഗത്വ പൗരത്വ രജിസ്റ്റ്‌ട്രേഷന്‍, പൗതത്വ ഭേദഗതി ബില്‍ എന്നിവയെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന സാഹിത്യ കൃതികളും ഇത്തരം പുസ്തകശാലകളിലെ പ്രത്യേകതയാണ്. ജനങ്ങള്‍ക്ക് ഈ വിഷയങ്ങളില്‍ അറിവുണ്ടാകുന്നതിന് വേണ്ടിയാണ് പുസ്തകങ്ങള്‍ പരിചയപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

3,000 പുസ്തക ശാലകള്‍ തുടങ്ങണമെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. പൂജ സമയത്ത് ഇത് സാധ്യമാക്കാമെന്നാണ് കരുതുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്താന്‍ ബസു പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം ശാലകള്‍ നിര്‍മ്മിക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ സ്ഥിതി മാറി വരികയാണ്. മികച്ച പ്രതികരണമാണ് പുസ്തകശാലകള്‍ക്ക് ലഭിക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇത് പാര്‍ട്ടിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്കാണ് കാണിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച പുസ്തകങ്ങള്‍ വളരെയധികം ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ ഗുണകരമാകുന്നു എന്നും പുസ്തകങ്ങളിലൂടെ വിശദീകരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും ആക്രമണ സംഭവങ്ങളും വിവരിക്കുന്ന കൃതികളും ശാലകളില്‍ ലഭ്യമാണ്. നാലര വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ പദ്ധതികളും അവയുടെ സ്ഥിതിയും പരാമര്‍ശിക്കുന്ന പുസ്തകങ്ങളാണ് പ്രധാനപ്പെട്ട വിഭാഗം.

കഴിഞ്ഞ സംസ്ഥാന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കാനാണ് പാര്‍ട്ടി ശ്രമം. സിപിഎമ്മിനെ പിന്‍തള്ളി രണ്ടാമത്തെ ശക്തിയായി വളരാന്‍ ബിജെപിയ്ക്ക് ഇതിനോടകം സാധിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാളെന്ന് നരേന്ദ്രമോദിയും അമിത് ഷായും പല തവണ ആവര്‍ത്തിച്ചതാണ്.

മുന്‍ വര്‍ഷങ്ങളില്‍ സിപിഎം അടക്കമുള്ള വിവിധ പാര്‍ട്ടികള്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ദുര്‍ഗ്ഗാ പൂജ പന്തലുകള്‍ക്ക് പുറത്ത് പുസ്തക ശാലകള്‍ നടത്തിയിരുന്നു. 2011 ല്‍ ടിഎംസി അധികാരത്തിലെത്തിയപ്പോള്‍ അവരുടെ മുഖപത്രമായ ജാഗോ ബംഗ്ല പ്രചരിപ്പിച്ചതും ഇത്തരം ദുര്‍ഗ്ഗാപൂജ പന്തലുകളിലൂടെയായിരുന്നു.

Top