മേഘാലയ: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ വോട്ട് പിടിക്കാന്‍ നയങ്ങളെയും നിയമത്തേയും തള്ളിപ്പറഞ്ഞ് ബിജെപി.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ ഗോവധ നിരോധനം വോട്ട് ചോര്‍ത്തുമെന്ന ഭയമാണ് ബിജെപിയെ കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിക്കുന്നത്.
ഗോവധ നിരോധം എന്നൊരു നിലപാട് കേന്ദ്രസര്‍ക്കാരിനില്ലെന്നാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ വാദം.
മേഘാലയയില്‍ ഗോവധ നിരോധം, കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് മൂര്‍ച്ചയുള്ള ആയുധമായി ഉയര്‍ത്തുമ്പോഴാണ് മറുവാദവുമായി ബിജെപി നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.
ഗോവധ നിരോധമെന്ന നിയമമില്ലെന്നും നേപ്പാളില്‍ നടക്കുന്ന ഗധിമായ് ഉത്സവത്തിനായി വന്‍തോതില്‍ കന്നുകാലികളെ കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ചില നിയമങ്ങളാണുള്ളതെന്നുമാണ് ബിജെപിയുടെ വാദം.
ഇതിനെ തുടര്‍ന്ന് ഗോവധം നിരോധിച്ചിട്ടില്ലെന്നും, കന്നുകാലി ചന്തകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ബിജെപി ഉപാധ്യക്ഷന്‍ ജെ എ ലിങ്‌ദോ പറഞ്ഞു.
അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ച മേഘാലയ മുഖ്യമന്ത്രി മുകുള്‍ ശര്‍മ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശവ്യാപക ഗോവധ നിരോധം എന്ന പ്രചാരണം വിജ്ഞാപനത്തെ ദുര്‍വ്യാഖ്യാനിക്കുന്നതാണെന്നും ബിജെപി വാദിക്കുന്നുണ്ട്.
എന്നാല്‍ ഗോവധ നിരോധം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പും ശേഷവും പശുവിന്റെയും കന്നുകാലികളുടെയും പേരില്‍ രാജ്യവ്യാപകമായി ദ്രോഹിക്കപ്പെട്ടത് നിരവധി പേരാണ്.
രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളൊന്നും മേഘാലയന്‍ ജനത അറിയുന്നില്ലെങ്കില്‍ ബിജെപിക്ക് ചിലപ്പോള്‍ വോട്ട് ചെയ്‌തേക്കുമെന്നാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്.