പാലക്കാട്: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ സി.പി.എം നേതൃത്വത്തിനു പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെയും കുടുംബത്തെയും സ്വാധീനിക്കാന്‍ ബി.ജെ.പി കരു നീക്കം. സി.പി.എം സ്വീകരിക്കുമെന്നു പറഞ്ഞ നടപടിയില്‍ യുവതിയ്ക്കും കുടുംബത്തിനും തൃപ്തിയില്ലങ്കില്‍ അവസരോചിതമായി ഇടപെടാനാണ് തീരുമാനം.
ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപരവും തന്ത്രപരവുമായ നീക്കമാണ് ഇപ്പോള്‍ ബി.ജെ.പി നടത്തി വരുന്നത്.
സി.പി.എം കുടുംബത്തിലെ അംഗമായ യുവതിയുടെ ബന്ധുക്കളും കമ്യൂണിസ്റ്റ് സഹയാത്രികരാണ്. യുവതിയോട് എം.എല്‍.എ മോശമായി പെരുമാറിയിട്ടും നടപടി ഇതുവരെ ഉണ്ടാകാത്തതില്‍ കടുത്ത അതൃപ്തി ഇവര്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു സാഹചര്യത്തിലും സി.പി.എമ്മിനെ പരസ്യമായി തളളിപ്പറയാന്‍ ഇവരാരും തയ്യാറായിട്ടില്ല.
നടപടി സി.പി.എം എടുക്കില്ലന്ന് പൂര്‍ണ്ണമായി ബോധ്യമായാല്‍ ‘ഉചിതമായ’ തീരുമാനം എടുക്കാനാണ് യുവതിയുടെ കുടുംബവും ബന്ധുക്കളും സഹപ്രവര്‍ത്തകരില്‍ ഒരു വിഭാഗവും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്ന സി.പി.എം നേതാക്കള്‍ക്കു മുന്നില്‍ യുവതി ഇതുവരെ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.
പൊലീസിനു യുവതി നേരിട്ട് മൊഴി നല്‍കുന്നതിനു മുന്‍പ് എം.എല്‍.എയ്ക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. എന്നാല്‍ ആ നടപടി യുവതിയും ഒപ്പം നില്‍ക്കുന്നവരും അംഗീകരിച്ചില്ലങ്കില്‍ വലിയ തിരിച്ചടിയാകും.
പാര്‍ട്ടി കോട്ട ആണെങ്കിലും ഇപ്പോള്‍ ഷൊര്‍ണ്ണൂരില്‍ എം.എല്‍.എ രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനോട് സി.പി.എം നേതൃത്വത്തിന് യോജിപ്പില്ല.
ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിവാദം മുന്‍ നിര്‍ത്തി പ്രതിപക്ഷം നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുമെന്നതും സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നതാണ്. പാര്‍ട്ടിക്കകത്ത് രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് അവസാന നിമിഷവും സി.പി.എം ശ്രമിച്ച് വരുന്നത്.
അതേസമയം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയില്‍ യുവതിയോടൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റൊരു സുഹൃത്താണ് സംഘടനാ രഹസ്യങ്ങള്‍ പുറത്താക്കിയതെന്നും പരാതിക്ക് പിന്നില്‍ ഇയാളാണെന്നുമാണ് സി.പി.എമ്മിലെ എം.എല്‍.എ അനുകൂലികള്‍ ആരോപിക്കുന്നത്.
ആകെ അശയ കുഴപ്പത്തിലായ സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ യുവതിയെ കാവി പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നത്. തൃശൂര്‍ ലോ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് എം.എല്‍.എ ശശിക്കെതിരെ പരാതി കൊടുത്തതെന്ന വിവരം നേരത്തെ തന്നെ ബി.ജെ.പി നേതൃത്വത്തിനു ലഭിച്ചിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയില്‍ വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ് ഉള്ളത് എന്നതും തിരിച്ചറിയാന്‍ കാര്യങ്ങള്‍ എളുപ്പമാക്കി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ് കൂടുതല്‍ വിശദാംശം ബി.ജെ.പി നേതൃത്വത്തിന് കൈമാറിയിരുന്നത്.
ഇതിനകം തന്നെ യുവതിയുടെ ചില ബന്ധുക്കളുമായി ബി.ജെ.പി നേതൃത്വം പ്രാഥമിക ചര്‍ച്ച നടത്തികഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന.
സംസ്ഥാനത്ത് തിരുവനന്തപുരവും കാസര്‍ഗോഡും കഴിഞ്ഞാല്‍ പിന്നെ ബി.ജെ.പിക്ക് ഏറ്റവും അധികം സ്വാധീനം ഉള്ള ജില്ലയാണ് പാലക്കാട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ ഇരു മുന്നണികളെയും ഞെട്ടിച്ച് അധികാരത്തില്‍ വരാനും ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു.
വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ബി.ജെ.പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നില്‍ കൂടുതല്‍ സീറ്റുകളും ജില്ലയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
എം.എല്‍.എക്കെതിരെ പരാതി നല്‍കിയ യുവതിയും കുടുംബവും ബി.ജെ.പി യോട് സഹകരിക്കാന്‍ തയ്യാറായാല്‍ പരമ്പരാഗതമായി സി.പി.എമ്മിന് വോട്ട് ചെയ്യുന്ന വിഭാഗത്തില്‍ വലിയ ചോര്‍ച്ച സംഭവിക്കുമെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.
പാര്‍ട്ടി നിലപാടിനെതിരെ സി.പി.എം.- ഡി.വൈ.എഫ്.ഐ അണികളില്‍ ഉയരുന്ന രോഷം സംഘടനാപരമായ പൊട്ടിതെറിയിലും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിനും കാരണമാകുമെന്നും ബി.ജെ.പി വിലയിരുത്തുന്നു.
അനുകൂലമായ ഈ സാഹചര്യം ഉപയോഗപ്പെടുത്താനാണ് സംഘ പരിവാറിന്റെ സംഘടനാ സ്വാധീനം ഉപയോഗിച്ച് ബി.ജെ.പി ശ്രമിക്കുന്നത്. ഇതോടൊപ്പം തന്നെ ഇരിങ്ങാലക്കുടയിലെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെതിരെ പരസ്യമായി രംഗത്തു വന്ന യുവതിയെയും കാവി പാളയത്തിലെത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍