ബി.ജെ.പിയെ കടത്തിവെട്ടാൻ ശിവസേന ! അയോദ്ധ്യയിൽ രണ്ടും കൽപ്പിച്ച് താക്കറെ

udhav-thakkare-bjp

ബി.ജെ.പിയെ പ്രതിരോധത്തിലാക്കി രാമക്ഷേത്ര പ്രശ്‌നം ആളിക്കത്തിക്കാന്‍ മറാത്ത പുലി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍. ശിവസേനാ റാലിക്ക് അനുമതി നിഷേധിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിയെ ചെറുക്കാന്‍ തര്‍ക്ക മന്ദിരത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാറി ഗുലാബ് ബാറിയില്‍ ഞായറാഴ്ച റാലി നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേന.

ആയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം ഉയര്‍ത്തിയാണ് ബി.ജെ.പി കേന്ദ്രത്തിലും യു.പിയും ഹിന്ദി ഹൃദയഭൂമികളായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചത്. ആ വാഗ്ദാനം നിറവേറ്റാന്‍ ഭരണത്തിന്റെ അഞ്ചു വര്‍ഷം പിന്നിടുമ്പോഴും ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല.

കോണ്‍ഗ്രസിന്റെ അധികാരക്കുത്തക തകര്‍ത്ത് അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ആദ്യ ബി.ജെ.പി സര്‍ക്കാരിന് കേന്ദ്ര ഭരണം സമ്മാനിച്ചത് അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണ മുദ്രാവാക്യമായിരുന്നു. എല്‍.കെ അദ്വാനിയുടെ രഥയാത്രയായിരുന്നു വര്‍ഗീയ ധ്രുവീകരണത്തിലൂടെ ബി.ജെ.പിയുടെ വളര്‍ച്ചക്കു വഴിയൊരുക്കിയത്. ആ രഥയാത്രയില്‍ അദ്വാനിയുടെ സഹായിയായി ആര്‍.എസ്.എസ് നിയോഗിച്ച നരേന്ദ്രമോദിയാണ് ഇന്ന് പ്രധാനമന്ത്രി.

മോദി ഭരിക്കുമ്പോഴും രാമക്ഷേത്രം ഉയരാഞ്ഞതോടെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സ്വരം കടുപ്പിച്ചിരിക്കുകയാണ് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവത്. വിശ്വഹിന്ദു പരിഷത്തും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഈ വികാരം മനസിലാക്കി മറാത്തയില്‍ നിന്നും യു.പിയില്‍ കണ്ണും നട്ട് തീവ്ര ഹിന്ദുത്വ രാഷ്ട്രീയം പയറ്റുകയാണ് ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെ.

thakkare

ബി.ജെ.പിയെക്കാളും തീവ്രമായി രാമക്ഷേത്രത്തിനുവേണ്ടി നിലകൊള്ളുന്ന ഹിന്ദു പാര്‍ട്ടി എന്ന പ്രതിഛായയിലൂടെ ഹിന്ദുവോട്ടുകള്‍ അനുകൂലമാക്കാനാണ് നീക്കം. ഈ നീക്കത്തിന്റെ ഭാഗമായി യു.പിയിലെ പല പ്രമുഖ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ശിവസേന അണിയറ നീക്കം നടത്തുന്നുണ്ട്.

രാമക്ഷേത്രം എപ്പോള്‍ നിര്‍മ്മിക്കുമെന്ന് മോദി വ്യക്തമാക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം വ്യാജമാണെന്ന് തുറന്ന് സമ്മതിക്കണമെന്നും ഉദ്ദവ് മോദിയെ വെല്ലുവിളിക്കുകയും ചെയ്തു.

ആശീര്‍വാദ് സമാരോഹ് എന്ന പേരിലാണ് ശിവസേന റാലി. അയോധ്യയിലെത്തുന്ന ഉദ്ധവ് താക്കറെ സരയൂനദിയില്‍ ആരതി നടത്തി രാമക്ഷേത്ര ദര്‍ശനയും പൂജയും നടത്തിയ ശേഷമായിരിക്കും ഞായറാഴ്ച നടക്കുന്ന റാലിയില്‍ പങ്കെടുക്കുക.

ശിവസേനയുടെ റാലി നടക്കുന്ന ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് അയോധ്യയില്‍ സന്യാസിമാരെ പങ്കെടുപ്പിച്ച് ധര്‍മ്മ സന്‍സദും നടത്തുന്നുണ്ട്. വിപുലമായ ഒരുക്കങ്ങളാണ് ആര്‍.എസ്.എസും വി.എച്ച്.പിയും ഇതിനായി നടത്തുന്നത്.

അയോധ്യയിലെ റാലിക്കായി മഹാരാഷ്ട്രയില്‍ നിന്നും തീവണ്ടികള്‍വരെ സേനാ പ്രവര്‍ത്തകര്‍ ബുക്ക് ചെയ്തിട്ടുണ്ട്. തീവ്ര മറാത്ത ദേശീയത ഉയര്‍ത്തുന്ന ശിവസേന തീവ്രഹിന്ദുത്വവുമായെത്തിയാല്‍ യു.പിയിലും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലിലും ബി.ജെ.പിക്ക് അടിപതറുമെന്ന ആശങ്ക ആര്‍.എസ്.എസ് നേതൃത്വത്തിനുമുണ്ട്. ഉദ്ദവ് താക്കറെയുടെ ആയോധ്യാറാലി ഉത്തരേന്ത്യയിലേക്കുള്ള ശിവസേനയുടെ പടപ്പുറപ്പാടാണോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Top