യു.പി ബി.ജെ.പി അദ്ധ്യക്ഷന്റെ ബന്ധുവും കോണ്‍ഗ്രസ്സില്‍ ! പ്രിയങ്ക എഫക്ട്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കേ ബി.ജെ.പിക്ക് വീണ്ടും കനത്ത തിരിച്ചടി. ഉത്തര്‍പ്രദേശിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.മഹേന്ദ്ര നാഥ് പാണ്ഡേയുടെ സഹോദരന്‍ ജിതേന്ദ്ര നാഥ് പാണ്ഡേയുടെ മരുമകള്‍ അമൃത പാണ്ഡേയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമൃത കോണ്‍ഗ്രസില്‍ ചേരുമെന്ന വിവരം പുറത്ത് വന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അമൃത പറഞ്ഞു. പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് പോലെ താനും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനി വരാന്‍ പോകുന്നത് മോദിയുടെ കാലമല്ല, മറിച്ച് കോണ്‍ഗ്രസിന്റെ കാലമാണ്. മോദി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭാവിയുടെ രാഷ്ട്രീയം കോണ്‍ഗ്രസിന്റേതായിരിക്കും. അതിനാലാണ് താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അമൃത വിശദീകരിച്ചു. ബ്രാഹ്മണന്‍മാരെ മാത്രമല്ല എല്ലാവരെയും ബി.ജെ.പി കൊള്ളയടിച്ചെന്നും അമൃത ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായി പ്രതികരിക്കാന്‍ അമൃത തയ്യാറായില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അമൃത പറഞ്ഞു.

Top