തിരുവനന്തപുരം: ജനരക്ഷ യാത്രയ്ക്കു കിട്ടിയ പിന്തുണ സംഘടനാതലത്തില്‍ പ്രയോജനപ്പെടുത്താന്‍ കേരള പര്യടനവുമായി വീണ്ടും ബിജെപി. ഈമാസം 16 മുതല്‍ മാര്‍ച്ച് 15 വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ അറിയിച്ചു. ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം. 16ന് തൃശൂരില്‍ തുടങ്ങുന്ന പര്യടനം മാര്‍ച്ച് 15ന് കോട്ടയത്ത് സമാപിക്കും.
കേന്ദ്രം അനുവദിച്ച ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ പാഴാക്കികളയുകയാണെന്ന് സംസ്ഥാന നേതൃയോഗത്തില്‍ എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ലോകകേരള സഭ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന സമ്മേളനം തട്ടിപ്പാണ്. സമ്മേളന മാമാങ്കം നടത്തുന്ന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം 12 കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആത്മഹത്യ ചെയ്തതെന്നും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ടി.ബല്‍റാം എംഎല്‍എയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പ്രതികരണങ്ങള്‍ അസഹിഷ്ണുത മൂലമാണ്. സിപിഎം മറന്ന എകെജിയെ വീണ്ടും അവരുടെ ഓര്‍മയിലെത്തിച്ചത് ബല്‍റാമാണ്. ഇന്ത്യന്‍ കോഫി ഹൗസുകളിലല്ലാതെ എകെജിയുടെ ചിത്രം സിപിഎമ്മുകാര്‍ എവിടെയും ഉപയോഗിക്കുന്നില്ല. സിപിഎം സമ്മേളനങ്ങളില്‍ എകെജിയും പി. കൃഷ്ണപിള്ളയും അപ്രത്യക്ഷമായി. പകരം കിം ജോങ് ഉന്നും ചെ ഗവേരയുമാണ് ഇടം പിടിക്കുന്നതെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.