തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ലെങ്കില്‍ സംസ്ഥാന ബി.ജെ.പിയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ആര്‍.എസ്.എസ് പറഞ്ഞതായി അറിയില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ മാറ്റുമെന്ന് ആര്‍എസ്എസ് പറഞ്ഞതിനെക്കുറിച്ചറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബി.ജെ.പിയിലെ കാര്യങ്ങള്‍ ബി.ജെ.പിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെങ്കില്‍ ഉടന്‍ തന്നെ ശ്രീധരന്‍പിള്ളയെ മാറ്റുമെന്ന തരത്തില്‍ ആര്‍.എസ്.എസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിനിടയില്‍ പിള്ള നടത്തിയ ചില പരാമര്‍ശങ്ങള്‍ തിരിച്ചടിയായെന്ന് കേന്ദ്രനേതൃത്വത്തിനും വിലയിരുത്തലുണ്ട്. കുമ്മനം മിസോറാം ഗവര്‍ണര്‍ ആയതോടെ താത്കാലിക സംസ്ഥാന അദ്ധ്യക്ഷന്റെ ചുമതലയാണ് പിള്ളയ്ക്ക് നല്‍കിയതെന്നും ഉടന്‍ തന്നെ പുതിയൊരാളെ നിയമിക്കുമെന്നുമാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന വിവരം.