ഇലക്ഷനടുക്കുമ്പോള്‍ ബി.ജെ.പി ഗംഗയില്‍ മുങ്ങിനിവരുമെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ഇലക്ഷനടുക്കുമ്പോള്‍ ബി.ജെ.പി ഗംഗയില്‍ മുങ്ങിനിവരുമെന്ന് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘ഇലക്ഷന് മുമ്പ് ബി.ജെ.പി ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളില്‍ ഭജനമിരിക്കും. ഗംഗയില്‍ മുങ്ങിനിവരും. കോവിഡ് ബാധിച്ച് ആളുകള്‍ മരിക്കുമ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കുകയും ചെയ്യും. ഗംഗയെ അശുദ്ധമാക്കിയത് ബി.ജെ.പിയാണ്. ബി.ജെ.പിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ഒന്നുമില്ലെങ്കില്‍ അവര്‍ വ്യാജവീഡിയോകള്‍ നിര്‍മിക്കും’. മമതാ ബാനര്‍ജി പറഞ്ഞു.

ഗോവയില്‍ ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഇലക്ഷനടുക്കുമ്പോള്‍ വോട്ട് പിടിക്കാനായി ഹിന്ദുയിസത്തിന്റെ മുദ്രാവാക്യങ്ങള്‍ മുഴക്കി ബി.ജെ.പി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കും. ഞാനും ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എന്നാല്‍ എന്റെ ഐഡന്റിറ്റി മനുഷ്യന്‍ എന്നതാണ്. ബി.ജെ.പിയുടെ കയ്യില്‍ നിന്ന് എനിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ന്യൂനപക്ഷങ്ങളെ നിങ്ങള്‍ക്ക് ഒറ്റപ്പെടുത്താനാവില്ല’. മമത കൂട്ടിച്ചേര്‍ത്തു.

ഗോവയില്‍ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ അതിന് ഒറ്റക്കെട്ടായി നില്‍ക്കണെമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Top