ഒരു നിലപാട് എടുത്താൽ അത് എന്തായാലും അതിൽ ഉറച്ചു നിൽക്കാനാണ് നിലപാടുള്ളവർ ശ്രമിക്കേണ്ടത്. ഇക്കാര്യത്തിൽ പ്രൊഫസർ എം.കെ സാനു സ്വീകരിച്ച നിലപാട് അവസരവാദപരമാണ്. മോദി ഉദ്ഘാടനം ചെയ്ത യുവം പരിപാടിയിൽ താൻ പങ്കെടുത്തത് മോദിയുടെ പ്രസംഗം കേൾക്കാനാണ് എന്നാണ് സാനു പറയുന്നത്. താൻ വേദിയിൽ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് സാനുവിന്റെ കേവലം ഒരു വാദമായി മാത്രമേ വിലയിരുത്താൻ കഴിയുകയൊള്ളൂ. പ്രസംഗം കേൾക്കാനാണെങ്കിൽ ടെലിവിഷൻ ചാനലിൽ കൂടി അത് കേട്ടാൽ മതിയായിരുന്നു. എന്നാൽ അതിന് അദ്ദേഹം തയ്യാറാകാതെ പരിപാടി നടക്കുന്ന സ്ഥലത്ത് പോയത് അത്ര നിഷ്കളങ്കമായി കാണാൻ സാധിക്കുകയില്ല.
ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയാണ് ‘യുവം’ പരിപാടിയെന്ന് ഡി.വൈ.എഫ് ഐ ഉൾപ്പെടെ പരസ്യമായി പ്രഖ്യാപിക്കുകയും പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിച്ച് ‘യങ് ഇന്ത്യ’ ക്യാമ്പയിന് തുടക്കമിടുകയും ചെയ്തതിനു ശേഷമാണ് ഇതെല്ലാം കണ്ട് വിലയിരുത്തിയ പ്രൊഫ എം.കെ സാനു ‘യുവം’ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നത്. ഒരു ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന വ്യക്തി ഇത്തരം പരിപാടിയിൽ പങ്കെടുത്താൽ ഉണ്ടാകുന്ന വാർത്താ പ്രാധാന്യം അറിയാത്ത ആളല്ല സാനു എന്നിട്ടും സുഹൃത്ത് വിളിച്ചപ്പോൾ അദ്ദേഹം പോയിട്ടുണ്ടെങ്കിൽ അതിൽ അസ്വാഭാവികത ഉണ്ട്. വാർത്ത പരന്ന് സാനുവിന്റെ നടപടി ചോദ്യം ചെയ്യപ്പെട്ടതോടെയാണ് തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലന്ന് പറയാൻ അദ്ദേഹം നിർബന്ധിതനായിരുന്നത്.
എം.കെ സാനു ഒരു ഇടതുപക്ഷ നേതാവോ പ്രവർത്തകനോ ഒന്നുമല്ല. ലക്ഷക്കണക്കിന് അനുഭാവികളിൽ ഒരാൾ മാത്രമാണ്. അതു കൊണ്ടു തന്നെ അദ്ദേഹം മോദിയുടെ പ്രസംഗം കേട്ടാലും മോദിയുടെ ഒപ്പം ബി.ജെ.പിയിൽ ചേക്കേറിയാലും ഇടതുപക്ഷത്തെ സംബന്ധിച്ച് ഒന്നും സംഭവിക്കാനില്ല. അതു കൊണ്ടു തന്നെയാണ് ഇതു സംബന്ധമായ വിവാദങ്ങളിൽ ഇടതു നേതാക്കൾ പ്രതികരണങ്ങളും നടത്താതിരിക്കുന്നത്. യുവം പരിപാടിക്ക് പോയതും പിന്നീട് തിരുത്തി പറഞ്ഞതും എം.കെ സാനു തന്നെയാണ്. ബി.ജെ.പി നേതാക്കൾ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ചില താരങ്ങളും യുവം പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
ബി.ജെ.പി പതാക ഇല്ലന്നത് മാറ്റി നിർത്തിയാൽ ശരിക്കും ബി.ജെ.പിയുടെ ഒരു പരിപാടി തന്നെയായിരുന്നു അത്. കേരളത്തിലെ ഇടതുപക്ഷത്തിന് ബദലിനാണ് ആ വേദിയിൽ വച്ച് പധാനമന്ത്രി മോദിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും ആഹ്വാനം ചെയ്തിരുന്നത്. ഇങ്ങനെയുള്ള ഒരു പരിപാടിയിൽ പങ്കെടുത്തതോടെ സിനിമാ പ്രവർത്തകരായ അപര്‍ണ ബാലമുരളി, നവ്യ നായർ, ഉണ്ണി മുകുന്ദന്‍, വിജയ് യേശുദാസ്, ഹരിശങ്കർ എന്നിവരുടെ രാഷ്ട്രീയ നിലപാടുകൾ കൂടിയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
തീർച്ചയായും ഏത് പാർട്ടിക്കൊപ്പം നിൽക്കണമെന്നത് ഓരോ വ്യക്തിയുടെയും താൽപ്പര്യമാണ്. അത് താരങ്ങളായാലും സാധാരണക്കാരനായാലും വ്യക്തിപരമായി എടുക്കേണ്ട തീരുമാനവുമാണ്. രാഷ്ട്രീയത്തിൽ താരങ്ങളെ ഇറക്കി ഏറ്റവും കൂടുതൽ പരീക്ഷിച്ച ചരിത്രമുള്ള ബി.ജെ.പി യുവം പരിപാടിയിലൂടെ താരങ്ങളെ കൂടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എത്തുമെന്ന് സംഘാടകർ പറഞ്ഞിരുന്ന കെ.ജി.എഫ് താരം യഷ് , രവീന്ദ്ര ജഡേജ എന്നിവരുടെ അസാനിധ്യത്തിൽ മലയാളി താരങ്ങളാണ് മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നത്. ഇതിൽ നടൻ ഉണ്ണിമുകുന്ദൻ പിന്നീട് പ്രധാനമന്ത്രിയുമായി ഒരു മണിക്കൂറോളം കൂടി കാഴ്ചയും നടത്തുകയുണ്ടായി.
സുരേഷ് ഗോപിയെ കളത്തിലിറക്കി തൃശൂർ ലോകസഭ സീറ്റ് പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ബി.ജെ.പി ഇനി ഉണ്ണി മുകുന്ദനും അപർണ്ണ ബാലമുരളിക്കും നവ്യ നായർക്കുമെല്ലാം മത്സരിക്കാൻ സീറ്റുകൾ നൽകിയാലും അത്ഭുതപ്പെടേണ്ടതില്ല. ജനകീയരായ നേതാക്കളുടെ അഭാവം നേരിടുന്ന കേരളത്തിലെ ബി.ജെ.പി മുന്നിൽ നിർത്താൻ ഏത് സെലിബ്രിറ്റിയെ കിട്ടിയാലും ഉപയോഗപ്പെടുത്തണമെന്ന നിലപാടിലാണ് ഉള്ളത്. അവരെ സംബന്ധിച്ച് യുവം പരിപാടിയിൽ പങ്കെടുത്ത താരങ്ങൾ വലിയ പ്രതീക്ഷ തന്നെയാണ്. എന്നാൽ, ബി.ജെ.പി വേദിയിലെ സാന്നിധ്യം താരങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന സംശയവും സിനിമാ പ്രവർത്തകർക്കിടയിലുണ്ട്.
ദേശീയ അവാർഡ് ജേതാവായ അപർണ്ണ ബാലമുരളി തെന്നിന്ത്യയിൽ നിലവിൽ ഏറെ സജീവമാണ്. ഉണ്ണി മുകുന്ദനാകട്ടെ ‘മാളികപ്പുറം’ എന്ന ഒറ്റ സിനിമയിലൂടെ വലിയ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന് സോഷ്യൽ മീഡിയകളിൽ പിന്തുണ നൽകി വരുന്നതും പ്രധാനമായും സംഘപരിവാർ ഗ്രൂപ്പുകളാണ്. ഒരു ബി.ജെ.പി അനുഭാവിയായാണ് ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നതെങ്കിൽ അപർണ്ണ ബാലമുരളിയും നവ്യ നായരും വിജയ് യേശുദാസും ഇതുവരെ അത്തരത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ യുവം പരിപാടിയിൽ പങ്കെടുത്തതോടെ അവർക്ക് മേലും സോഷ്യൽ മീഡിയയുടെ പഴി വീണു കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും ഇടതുപക്ഷ അനുകൂല പ്രാഫൈലുകളിൽ നിന്നാണ് ഇതു സംബന്ധമായ പ്രതികരണങ്ങൾ രൂക്ഷമായിരിക്കുന്നത്.
EXPRESS KERALA VIEW