ബെംഗളൂരു: മാനന്തവാടിയില്‍ ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെതിരെ കര്‍ണാടക ബിജെപി. കര്‍ണാടകയിലെ സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് കേരളത്തിലെ ഒരാള്‍ക്ക് നല്‍കുന്നത് അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാഹുല്‍ ഗാന്ധിയെ വീണ്ടും വയനാട്ടില്‍ നിന്ന് മത്സരിപ്പിച്ച് ജയിപ്പിക്കാന്‍ വേണ്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയലാഭത്തിന് വേണ്ടി നല്‍കിയ പണത്തിന്റെ ബാധ്യത കര്‍ണാടകത്തിലെ ജനങ്ങളുടെ മേല്‍ കെട്ടി വയ്ക്കണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും വിജയേന്ദ്ര പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു കര്‍ണാടകയിലെ ഒരാള്‍ക്ക് തുല്യമായി കണ്ട് 15 ലക്ഷം ധനസഹായം അജീഷിന്റെ കുടുംബത്തിന് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ട ആനയാണ് അജീഷിനെ ആക്രമിച്ചത്.