ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താൻ പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 400 സീറ്റുകൾ എന്ന ലക്ഷത്തോടെ പ്രവർത്തിക്കണമെന്നും മണ്ഡലങ്ങളിലേക്ക് പോകണമെന്നും മോദി നേതാക്കളോട് നിര്‍ദ്ദേശിച്ചു. ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പുതിയ ഓരോ വോട്ടർമാരിലേക്ക് എത്തണമെന്നും ഓരോ പദ്ധതി ഗുണഭോക്താക്കളിലേക്കും ജനങ്ങളിലേക്കും എത്തണമെന്നും മോദി നിര്‍ദ്ദേശിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ പ്രവർത്തിച്ചു. രാഷ്ട്രീയത്തിന് വേണ്ടിയല്ല രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞു. സ്ത്രീകളുടെ ശക്തികരണത്തിനായി നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തി. വനിതകൾക്കായി നടപ്പാക്കിയ പദ്ധതികൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
കേവലം കള്ളം പറയുന്നതിനപ്പുറം പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെപ്പോലെ വ്യാജ വാഗ്ദാനങ്ങൾ താൻ നൽകാറില്ല. ശബ്ദങ്ങളോളം സാധ്യമാകാതിരുന്നത് പൂർത്തീകരിക്കാൻ സർക്കാരിനായി. രാമക്ഷേത്രത്തിലൂടെ 50 വർഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്യ ചെങ്കോട്ടയിൽ ശൗചാലയ വിഷയം ഉയർത്തിയ ആദ്യ പ്രധാനമന്ത്രിയാണ് ഞാനെന്നും മോദി പറഞ്ഞു. രാജ്യത്തെ അഴിമതിയിൽ നിന്നും ഭീകരാക്രമണങ്ങളിൽ നിന്നും മുക്തമാക്കിയത് ബിജെപി ആണെന്ന് ജനങ്ങൾക്കറിയാം. ദക്ഷിണേന്ത്യയിൽ നിന്ന് തനിക്ക് വലിയ സ്നേഹവും അനുഗ്രഹവും ലഭിച്ചുവെന്ന് പറഞ്ഞ മോദി, 2047 ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നും കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് അസ്ഥിരതയുടെ പ്രതീകമാണെന്നും നരേന്ദ്ര മോദി വിമര്‍ശിച്ചു. കോൺഗ്രസിന് ഭാവിയെ കുറിച്ച് ഒരു പദ്ധതിയുമില്ല. കോൺഗ്രസിൻ്റേത് പ്രീണന രാഷ്ട്രീയമാണെന്നും മോദി കുറ്റപ്പെടുത്തി. മിന്നൽ ആക്രമണത്തിൽ സൈന്യത്തെ കോൺഗ്രസ് സംശയിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് കോൺഗ്രസ്. എന്നാല്‍, എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.