മാവു: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെയും പ്രതിപക്ഷമായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെയും പരാജയം സുനിശ്ചിതമാണെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മാവുവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം ഘട്ട വോട്ടെടുപ്പോടെ ബിഎസ്പിയുടെയും എസ്പിയുടെയും തകര്‍ച്ച ഉറപ്പായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ കുതിരക്കച്ചവടം നടത്താമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ല മോദി പറഞ്ഞു.
അധികാരം നേടുന്നതിനായി നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ ഭാവിയെ പന്താടരുത്. ഇപ്പോള്‍ത്തന്നെ ജനങ്ങള്‍ ഏറെ അനുഭവിച്ചുകഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിലവില്‍വരുന്നത് ഒരിക്കലും ഒരു തൂക്കുമന്ത്രിസഭയായിരിക്കില്ല. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരികതന്നെ ചെയ്യുമെന്നും മോദി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിജെപി വിജയ ഹോളി ആഘോഷിക്കുമെന്നും ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും മോദി പറഞ്ഞു.