രാംപുർ: ഉത്തർപ്രദേശിലെ രാംപുർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിപ്പിക്കുന്ന വിജയം നേടിയിരിക്കുകയാണ് ബിജെപി. സമാജ് വാദി പാർട്ടിയുടെ അസിം രാജയെ ബിജെപിയുടെ ആകാശ് സക്‌സേന 34,136 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. രാംപുർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലിം ഇതര സ്ഥാനാർഥി വിജയിക്കുന്നത്.
സമാജ് വാദി പാർട്ടി നേതാവ് അസംഖാന്റെ കുത്തകയാണ് ആകാശ് സക്‌സേന പൊളിച്ചടുക്കിയത്. ഡിസംബർ അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 34 ശതമാനത്തിനടുത്ത് മാത്രമായിരുന്നു പോളിങ് എന്നതും ശ്രദ്ധേയമാണ്. വിദ്വേഷ പ്രസംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അസംഖാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ രാംപുരിൽ 1952-ന് ശേഷമുള്ള ആദ്യ മുസ്ലിം ഇതര എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ആകാശ് സക്‌സേന. കഴിഞ്ഞ 19 തവണയും മുസ്ലിം സ്ഥാനാർഥികളാണ് രാംപുരിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഇതിനിടെ മുസ്ലിം വോട്ടർമാരെ വോട്ട് ചെയ്യാൻ പോലീസ് അനുവദിച്ചില്ലെന്ന ആരോപണവുമായി എസ്.പി. രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വോട്ടെണ്ണുന്ന ഘട്ടത്തിൽ 18-ാം റൗണ്ട് വരെ നേരിയ ലീഡ് നിലനിർത്തിയ ശേഷമാണ് അസിം രാജ പിന്നോട്ടുപോയത്. ചരിത്രപരമായ തോൽവി ഉറപ്പിച്ച അസിം രാജ നിരാശയോടെ രാംപുർ വോട്ടെണ്ണൽ കേന്ദ്രം വിട്ടു. ‘
62.06 ശതമാനം വോട്ടുകൾ പിടിച്ച ആകാശ് സക്‌സേന 81432 വോട്ടുകളാണ് സ്വന്തമാക്കിയത്. 36.05 ശതമാനം വോട്ടുകൾ നേടിയ അസിംരാജയ്ക്ക് 47296 വോട്ടുകളാണ് നേടാനായത്. കോൺഗ്രസും ബിഎസ്പിയും മത്സരിച്ചില്ല. യുപിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ഖതൗലി ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാനായതാണ് എസ്.പിക്ക് ആശ്വാസം.
2002-മുതൽ അസംഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തുടർച്ചയായി രാംപുരിൽ നിന്ന് വിജയിച്ചുവരികയായിരുന്നു. 1980 മുതൽ 1993 വരെ അസം ഖാൻ തന്നെ വിവിധ പാർട്ടികളുടെ ടിക്കറ്റിലും വിജയിച്ചിട്ടുണ്ട്. അസംഖാൻ ജയിലിലായതും ആകാശ് സക്‌സേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.