BJP Wins Local Bodies Elections in Gujarat and Maharashtra

ന്യൂഡല്‍ഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍,മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്, ഇപ്പോള്‍ ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്… ചരിത്രനേട്ടവുമായി കുതിക്കുന്ന ബിജെപിക്ക് മുന്നില്‍ പകച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍.

നോട്ട് പ്രതിസന്ധി ബിജെപിക്ക് തിരിച്ചടിയാവുമെന്ന പ്രചരണത്തെ തകര്‍ത്തെറിഞ്ഞും പ്രതിപക്ഷത്തിന്റെ മുഖത്ത് കനത്ത പ്രഹരം നല്‍കിയുമാണ് ബിജെപി ഈ വന്‍വിജയം സാധ്യമാക്കിയിരിക്കുന്നത്.

ഗുജറാത്തിലെ വാപി മുനിസിപ്പാലിറ്റിയിലെ നാല്‍പ്പത്തിനാല് സീറ്റില്‍ നാല്‍പ്പത്തൊന്നും നേടി ബിജെപി ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസിന് ഇവിടെ മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്. കനക്പൂര്‍ കന്‍സദ് മുനിസിപ്പാലിറ്റിയിലും ബിജെപി സമാനമായ നേട്ടം ആവര്‍ത്തിച്ചു.

മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ ഒഴിവുവന്ന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി ഇരുപത്തിമൂന്നും കോണ്‍ഗ്രസ് എട്ടും ഇടങ്ങളില്‍ വിജയം നേടി.

മഹാരാഷ്ട്രയില്‍ ഫലം പ്രഖ്യാപിച്ച 3,391 സീറ്റില്‍ ബിജെപിശിവസേന സഖ്യം 1,365 സീറ്റ് നേടി. കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസ് മൂന്നാമതായി. 2011ല്‍ രണ്ടാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്.

ബിജെപി 851 സീറ്റും ശിവസേന 514 സീറ്റും നേടി. എന്‍സിപി 638 സീറ്റില്‍ ജയിച്ചപ്പോള്‍ മൂന്നാമതെത്തിയ കോണ്‍ഗ്രസ് 643 സീറ്റിലൊതുങ്ങി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(16), സിപിഎം (12), ബിഎസ്പി (ഒമ്പത്), മറ്റുള്ളവര്‍ (708) സീറ്റുകള്‍ നേടി. ആകെ 3510 സീറ്റുകളാണുള്ളത്. 119 സീറ്റിലെ ഫലം അറിവായിട്ടില്ല. 2011ല്‍ കോണ്‍ഗ്രസ്എന്‍സിപി സഖ്യത്തിനായിരുന്നു വിജയം. എന്‍സിപി 916, കോണ്‍ഗ്രസ് 771, ബിജെപി 298, ശിവസേന 264 എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഗ്രാമങ്ങളിലെ കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും കോട്ടകളില്‍ ബിജെപി-ശിവസേനാ സഖ്യം വന്‍ മുന്നേറ്റം നടത്തി. 25 ജില്ലകളിലായി 147 നഗരസഭകളിലും 17 നഗര്‍ പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 39 നഗരസഭകളില്‍ ബിജെപി ചെയര്‍മാന്‍ സ്ഥാനം നേടിയിട്ടുണ്ട്.

തദ്ദേശ ഉപതിരഞ്ഞെടുപ്പു ഫലം കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന അഴിമതിവിരുദ്ധ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് ഈ വന്‍ വിജയങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. പ്രതിപക്ഷത്തിനാകട്ടെ ആശങ്കയും.

500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് ജനജീവിതം ദു:സ്സഹമാക്കിയെന്ന പ്രചരണവുമായി ഇനി പ്രതിപക്ഷത്തിന് മുന്നോട്ട് പോവാന്‍ കഴിയില്ലെന്നാണ് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര സര്‍ക്കാരാവട്ടെ ജനങ്ങളുടെ അംഗീകാരത്തില്‍ ആവേശം പൂണ്ട് കൂടുതല്‍ ശക്തമായി കള്ളപ്പണ വേട്ടക്ക് പദ്ധതി തയ്യാറാക്കുകയുമാണ്.

ആദായനികുതി വകുപ്പ്,എന്‍ഫോഴ്‌സ്‌മെന്റ്, റവന്യൂ ഇന്റലിജന്‍സ്,സെന്‍ട്രല്‍ കസ്റ്റംസ് തുടങ്ങി കേന്ദ്ര ഏജന്‍സികളെ രംഗത്തിറക്കി രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള കള്ളപ്പണ ‘സൂക്ഷിപ്പുകാരെ’ കുരുക്കാനാണ് നീക്കം.

ഇതിന് മുന്നോടിയായി രാജ്യത്തെ എല്ലാ ബിജെപി എംപിമാരോടും എംഎല്‍എമാരോടും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടിക്ക് കൈമാറണമെന്ന് മോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോദി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്ക് അവസരമൊരുക്കുന്ന നടപടിയാണ് ഇപ്പോഴത്തെ നോട്ട് അസാധുവാക്കല്‍ തീരുമാനവും അതിര്‍ത്തിയിലെ ശക്തമായ തിരിച്ചടിയുമെന്നതിനാല്‍ ജനങ്ങള്‍ക്കിടയിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബിജെപി-ആര്‍എസ്എസ് നേതൃത്വത്തെ പോലും അമ്പരപ്പിച്ച വിജയമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കുളള അംഗീകാരമാണിതെന്നാണ് ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പ്രതികരണം.

ബിജെപിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബീഹാര്‍ മോഡല്‍ സഖ്യമായി ബിജെപിക്ക് ഏതിരെ മത്സരിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്.

ബിജെപി ഭരണത്തില്‍ വരാതിക്കാന്‍ ബിഹാറില്‍ ജെഡിയു ലാലുപ്രസാദിന്റെ ആര്‍ജെഡിയുമായി സഖ്യമായി മത്സരിച്ച് അധികാരം പിടിച്ചിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇത്തരമൊരു പരീക്ഷണത്തിന് പ്രതിപക്ഷപാര്‍ട്ടികള്‍ തയ്യാറാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരും വിലയിരുത്തുന്നത്.

യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ഇനി കോണ്‍ഗ്രസ്സ് സഖ്യം അനിവാര്യമാണ്.

ഗുജറാത്തിലും പഞ്ചാബിലും കോണ്‍ഗ്രസ്സിനും ആംആദ്മി പാര്‍ട്ടിക്കും പരസ്പര സഹായമില്ലെങ്കില്‍ അടിപതറാനാണ് സാധ്യത.

Top