അഗര്‍ത്തല: ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് ബിജെപി. 334 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 329 സീറ്റും ബിജെപി തൂത്തുവാരി. വോട്ടുവിഹിതത്തില്‍ സിപിഎമ്മിനെ മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായി.
ബിജെപിക്കും ,തൃണമൂല്‍ കോണ്‍ഗ്രസിനും ഇടയില്‍ വാക്‌പോര് നടന്ന തെരഞ്ഞെടുപ്പിനൊടുവില്‍ ബിജെപിക്ക് വന്‍ വിജയം. മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സീറ്റിലേക്കും മത്സരിച്ച ബിജെപി 112 സീറ്റുകളിലേക്ക് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 ഇടങ്ങളില്‍ 217 ഇടത്തും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ആകെയുള്ള 51 സീറ്റും ബിജെപി നേടി. ധര്‍മനഗര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍, തെലിയാമുറ മുന്‍സിപ്പല്‍ കൗണ്‍സില്‍, അമര്‍പൂര്‍ പഞ്ചായത്ത്, കോവൈ മുന്‍സിപ്പല്‍ കൗണ്‍സില്‍, ബെലോണിയ മുന്‍സിപ്പല്‍ കൗണ്‍സില്‍ തുടങ്ങിയ ഇടത്തെല്ലാം മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരി.
ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് അതേസമയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി. ത്രിപുരയിലെ വിജയം ഒരു തുടക്കം മാത്രമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. ഇതിലും അപമാനകരമായ തോല്‍വികള്‍ മമതാ ബാനര്‍ജിയെ ബംഗാളിലും കാത്തരിക്കുന്നുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു.
എന്നാല്‍ വെറും മൂന്നു മാസം കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പ്രധാന പ്രതിപക്ഷമാവാന്‍ സാധിച്ചത് പ്രധാന നേട്ടമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. ത്രിപുരയില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പും വോട്ടെണ്ണലും നടന്നത്. 2018ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ബിജെപിക്ക് വലിയ ആശ്വാസമായി.