തിരുവനന്തപുരം: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിക്ക് ബദലായി ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’കളുമായി ബിജെപി. സംസ്ഥാനത്ത് നാലിടത്ത് റാലിക്കും സംഗമങ്ങള്‍ക്കുമാണ് ബിജെപി തീരുമാനം. പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമാണ് റാലിയും സംഗമവും. കത്തുമ്പോള്‍ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും പലസ്തീന് ഐക്യദാര്‍ഡ്യമര്‍പ്പിക്കാന്‍ മത്സരിക്കുമ്പോഴാണ് ഹമാസിന്റെ അക്രമണമാണ് എല്ലാറ്റിനും കാരണമെന്ന് ആരോപിച്ച് ബിജെപി റാലിയുമായി രംഗത്തെത്തുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ക്കെന്നപോലെ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ഉള്ള ആശങ്ക അനുകൂലമാക്കുകയാണ് ഇതിലൂടെ ബിജെപിയുടെ ലക്ഷ്യം. ഹമാസിനെതിരെ കടുപ്പിക്കുന്നതിനൊപ്പം യുഡിഎഫും എല്‍ഡിഎഫും തീവ്രവാദികള്‍ക്കൊപ്പമാണെന്ന് കൂടി പറഞ്ഞാണ് പ്രചാരണം. ഹമാസിനെ തള്ളിപ്പറഞ്ഞ തരൂരിനെതിരായ കോണ്‍ഗ്രസ് വിമര്‍ശനം അടക്കം റാലിയില്‍ എടുത്തുപറയാനാണ് നീക്കം. കേന്ദ്രമന്ത്രിമാരടക്കം അണിനിരക്കുന്ന പരിപാടികളിലേക്ക് കൃസ്ത്യന്‍ സഭാ പ്രതിനിധികളെ കൂടി എത്തിക്കാനാണ് ശ്രമം. മണിപ്പൂരിലെ തീ ഹമാസ് വഴി അണച്ച് കൃസ്ത്യാനികളെ ഒപ്പം കൂട്ടുകയാണ് ബിജെപിയുടെ പദ്ധതി.
ബിജെപിയോട് വല്ലാതെ അടുത്തിരുന്ന സഭാ നേതൃത്വം മണിപ്പൂര്‍ കലാപത്തോടെ അകല്‍ച്ചയിലായിരുന്നു. എതിര്‍പ്പ് കുറക്കാന്‍ വഴിയില്ലാതെ എന്‍ഡിഎ കുഴങ്ങിയ സമയമായിരുന്നു അത്. ഒടുവില്‍ വീണ് കിട്ടിയ പശ്ചിമേഷ്യാ സംഘര്‍ഷം പിടിവള്ളിയാക്കുകയാണ് എന്‍ഡിഎ. തീവ്രവാദവിരുദ്ധ റാലിക്ക് പിന്നാലെ ഈ ക്രിസ്മസ് കാലത്തും കേക്കുമായി ബിജെപി നേതാക്കള്‍ കൃസ്ത്യന്‍ വിശ്വാസികളുടെ വീടുകളിലെത്തും. ഡിസംബറില്‍ മോദിയും വരുന്നു കേരളത്തിലേക്ക്. വിശ്വാസികളെ കണ്ടുണ്ടാക്കിയ ‘കേരള താമര മിഷനില്‍’ വീണ്ടും വലിയ പ്രതീക്ഷ വെക്കുകയാണ് ബിജെപി.