ഹിമാചലില്‍ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി; ഇന്ന് ഗവർണറെ കാണും

ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ബി.ജെ.പി. ബി.ജെ.പി. നേതാവ് ജയ്റാം ഠാക്കൂര്‍ രാവിലെ ഗവര്‍ണറെ കാണും. കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു ആരോപിച്ചു.

ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിയ മൂന്ന് സ്വതന്ത്രരും ബിജെപിക്ക് വോട്ടുചെയ്തു. ഇതോടെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വിക്കും ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജനും 34 വോട്ട് വീതം. നറുക്കെടുപ്പ് നടത്തി ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രി വിര്‍ഭദ്ര സിങ്ങിന്‍റെ വിശ്വസ്തനായിരുന്നു ഹര്‍ഷ് മഹാജന്‍. ഹിമാചല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 35 എംഎല്‍എമാരുടെ പിന്തുണയാണ്. അഭിഷേക് സിങ്‍വിക്ക് 34 വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. വടക്കേന്ത്യയിലെ കോണ്‍ഗ്രസിന്‍റെ ഏക സര്‍ക്കാരാണ് ഹിമാചല്‍പ്രദേശില്‍. കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാരെ പൊലീസിന്‍റെയും സിആര്‍പിഎഫിന്‍റെയും കാവലില്‍ ബിജെപി ഹരിയാനയിലേയ്ക്ക് കടത്തിയെന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു ആരോപിച്ചു.

 

Top