ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയും ബി.ജെ.പിയെ സംബന്ധിച്ച് ഒരു പ്രധാന ലക്ഷ്യമാണ്. കർണ്ണാടകക്കു പുറമെ തെലങ്കാന, ആന്ധ്ര,തമിഴ് നാട്, കേരള സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ്സുമായാണ് ബി.ജെ.പി സഖ്യം ആഗ്രഹിക്കുന്നത്. അത് സാധ്യമായില്ലങ്കിൽ മാത്രം ടി.ഡി.പി യുമായി സഖ്യമുണ്ടാക്കാനാണ് നീക്കം. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവാകട്ടെ ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി ആന്ധ്രയിൽ വൻ റാലികൾ നടത്തി കൊണ്ടിരിക്കുകയുമാണ്. ഈ റാലികളിൽ പങ്കെടുത്ത ചിലർ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടത് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയും ആയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെയും വൈ എസ് ആർ കോൺഗ്രസ്സിനെയും പരാജയപ്പെടുത്താൻ ഇത്തവണയും സാധിച്ചില്ലങ്കിൽ, അത് ചന്ദ്രബാബു നായിഡുവിന്റെ നിലനിൽപ്പ് കൂടുതൽ അപകടത്തിലാക്കും. ബി.ജെ.പിയുമായി വീണ്ടും ഒരു സഖ്യം ആന്ധ്രയിൽ ചന്ദ്രബാബു നായിഡു ആഗ്രഹിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
തെലങ്കാനയിൽ ടി.ആർ.എസ് നേതൃത്വം ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ബി.ജെ.പിയെ മാത്രമല്ല ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി ശർമിള റെഡ്ഡിയുടെ ജനപിന്തുണയെയും ടി.ആർ.എസ് ഭയക്കുന്നുണ്ട്. ചന്ദ്രശേഖർ റാവു സർക്കാരിനെതിരേ ഹൈദരാബാദിൽ ശർമിളയുടെ വൈ.എസ്.ആർ. തെലങ്കാന പാർട്ടി നടത്തിയ പ്രതിഷേധറാലിക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്. വൈ.എസ്.ആർ. പാർട്ടി നേതാവ് വൈ.എസ്. ശർമിള കാറിനുള്ളിലിരിക്കവേ അവരുടെ കാർ പോലീസ് ക്രെയിൻ ഉപയോഗിച്ച് തൂക്കിയെടുത്ത് കൊണ്ടുപോയത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരുന്നു. ഇതോടെ തെലങ്കാനയിൽ ശർമിള വിഭാഗവുമായി സഖ്യമാകാനും ബി.ജെ.പി തീവ്രശ്രമമാണ് നടത്തി വരുന്നത്. തെലങ്ക് സൂപ്പർ താരങ്ങളെ ഒപ്പം നിർത്താൻ ഒരു കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ തന്നെയാണ് സമ്മർദ്ദം തുടരുന്നത്.
തമിഴ്നാട്ടിലും ബി.ജെ.പി സൂപ്പർ താരങ്ങളുടെ പിന്നാലെയാണ്. നടൻ അജിത് കുമാറിനെയും നടി നയൻതാരയെയും ഒപ്പം നിർത്താനാണ് ശ്രമം. മറ്റു ചില യുവതാരങ്ങളും ബി.ജെ.പിയുടെ ലിസ്റ്റിലുണ്ട്. നടൻ വിജയ് ലോകസഭ തിരഞ്ഞെടുപ്പിൽ അനുയായികളെ മത്സരിപ്പിച്ചാൽ ഡി.എം.കെ വോട്ട് ബാങ്കിൽ വലിയ വിള്ളൽ വീഴുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. കേന്ദ്ര സർക്കാറിനെതിരെ നിരന്തരം നിലപാട് സ്വീകരിക്കുന്ന വിജയ് തന്റെ ഏറ്റവും പുതിയ സിനിമയായ വാരിസിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിനുമായി ഉടക്കിലാണെന്ന റിപ്പോർട്ടുകളും ചില തമിഴ് മാധ്യമങ്ങൾ പുറത്ത് വീട്ടിട്ടുണ്ട്.
വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അത് ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷത്തിനും വലിയ പ്രഹരമായാണ് മാറുക. ഡി.എം.കെ മുന്നണിയുടെ പരാജയം ഉറപ്പ് വരുത്താൻ വിശാല പ്രതിപക്ഷ സഖ്യമാണ് തമിഴകത്ത് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇക്കാര്യം അണ്ണാ ഡി.എം.കെയുടെ വിവിധ വിഭാഗങ്ങളോട് ബി.ജെ.പി ദേശീയ നേതൃത്വവും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കർണ്ണാടകയിൽ ഇത്തവണയും തൂത്ത് വാരുമെന്ന് ഉറപ്പിക്കുന്ന ബി.ജെ.പി കേരളത്തിൽ ഏതാനും സീറ്റുകൾ നേടണമെന്ന വാശിയിലാണ് ഉള്ളത്. ഇതിനായി മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ സഹായം വീണ്ടും അഭ്യർത്ഥിക്കാനാണ് ശ്രമം. കഴിഞ്ഞ ലോകസഭ – നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ലാലിനെ വരുതിയിലാക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. ഇത്തവണ ആവശ്യമെങ്കിൽ മോദി തന്നെ നേരിട്ട് മോഹൻലാലിനോട് സംസാരിക്കുമെന്നാണ് സൂചന. ലാലിനു പുറമെ സാഹിത്യ, കലാ, കായിക രംഗങ്ങളിലെ പ്രമുഖരെയും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. ഒക്ടോബറോടെ തീരുമാനമറിയിക്കാനാണ് ഇവരോട് അഭ്യർഥിച്ചിരിക്കുന്നത്.
“മിഷൻ സൗത്ത് ഇന്ത്യയുടെ ” ഭാഗമായാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്. ബി.ജെ.പിയുടെ ഹൈദരാബാദ് ദേശീയ എക്സിക്യൂട്ടീവിലാണ് ദക്ഷിണേന്ത്യയിൽ സംഘ്‌പരിവാർ കേഡറുകൾക്കപ്പുറത്തെ വോട്ടുകൾ കൂടി സമാഹരിക്കാൻ നിർദേശമുയർന്നിരുന്നത്. ഇതിനായി ഓരോ സംസ്ഥാനത്തിനും ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ പ്രത്യേക മേൽനോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിൽ ദേശീയ നേതൃത്വം പ്രത്യേക ശ്രദ്ധ നൽകുന്നത് തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, തൃശൂർ, മാവേലിക്കര മണ്ഡലങ്ങളിലാണ്. കൊല്ലം, കാസർകോട്, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാർഥികളെ നിർത്താനാണ് ശ്രമം. 10 മണ്ഡലങ്ങളിലെങ്കിലും പാർട്ടി വോട്ടുകൾക്കപ്പുറത്തേക്ക് ജനപ്രീതിയുള്ള സ്ഥാനാർഥികളെ നിർത്തുമെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും കേരളത്തിൽ മത്സരിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും തന്നെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ഇതുവരെ കേരളത്തിലെ 25 ലക്ഷത്തോളം വീടുകളിൽ പാർട്ടി പ്രചാരണ സമ്പർക്ക പരിപാടി നടത്തിയതായാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബി.ജെ.പി പ്രധാനമായും പ്രതീക്ഷ പുലർത്തുന്നത്. തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കാനാണ് സാധ്യത. അതേസമയം, ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി സി.പി.എമ്മും ശക്തമായ പ്രചരണ പ്രവർത്തനങ്ങൾക്കാണ് നിലവിൽ രൂപം നൽകിയിരിക്കുന്നത്. പ്രാദേശിക നേതാക്കൾ മുതൽ മന്ത്രിമാരും പി.ബി അംഗങ്ങളും ഉൾപ്പെടെയുള്ള നേതാക്കൾ വരെയാണ് വീടുകളിൽ കയറിയിറങ്ങി ജനങ്ങളുടെ മനസ്സ് തൊട്ടറിയുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ ബഹുഭൂരിപക്ഷവും ഇത്തവണ തൂത്തുവാരാൻ കഴിയുമെന്നാണ് സി.പി.എം നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.
EXPRESS KERALA VIEW