ഗുജറാത്തില്‍ ബി.ജെ.പി തോല്‍ക്കുമെന്ന് തുറന്നടിച്ച് ബി.ജെ.പി എം.പി തന്നെ രംഗത്ത്

മുംബൈ: പ്രവചനങ്ങളെ തള്ളിക്കളഞ്ഞും ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചും പാര്‍ട്ടി എം.പി തന്നെ രംഗത്ത്.

25 വര്‍ഷത്തില്‍ കൂടുതല്‍ ഭരണത്തിലിരുന്ന ചരിത്രം ബംഗാളിലെ സി.പി.എമ്മിന് മാത്രം അവകാശപ്പെട്ടതാണെന്നും ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരില്ലന്നും മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് കകാഡെ തുറന്നടിച്ചു.

‘സമ്പൂര്‍ണ ഭൂരിപക്ഷം മറന്നേക്കൂ. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ പോലും പാര്‍ട്ടിക്ക് ലഭിക്കില്ല’. അതേസമയം ഭൂരിപക്ഷത്തോട് അടുക്കാന്‍ ആവശ്യമായ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി അഥവാ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടില്ലെങ്കില്‍ അതിന് കാരണം നരേന്ദ്ര മോദി മാത്രമായിരിക്കുമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

തന്റെ ഒരു സംഘം ഗുജറാത്തില്‍ സര്‍വേ നടത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറുപേരുള്‍പ്പെട്ട സംഘത്തെയാണ് താന്‍ ഗുജറാത്തിലേക്ക് അയച്ചത്. അവര്‍ ഗ്രാമീണ മേഖലകളിലൂടെ സഞ്ചരിക്കുകയും കര്‍ഷകരോടും ഡ്രൈവര്‍മാരോടും വെയിറ്റര്‍മാരോടും തൊഴിലാളികളോടും സംസാരിക്കുകയും ചെയ്തു. അവര്‍ നടത്തിയ സര്‍വേയുടെയും തന്റെ സ്വന്തം നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യമായ സീറ്റ് ലഭിക്കില്ലെന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

22 വര്‍ഷമായി ബി ജെ പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം പശ്ചിമ ബെംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊഴികെ മറ്റൊരു പാര്‍ട്ടിയും 25 വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തില്‍ തുടര്‍ന്നിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു.

രണ്ടുഘട്ടമായി നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷം പുറത്തെത്തിയ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ബി ജെ പിക്ക് അനുകൂലമായിരുന്നു. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

Top