ബംഗാളിൽ ബിജെപി പ്രവർത്തകൻ തൂങ്ങിമരിച്ചു; തൃണമൂൽ പ്രവർത്തകയായ മരുമകൾ അറസ്റ്റിൽ

കൊൽക്കത്ത : ബിജെപി പ്രവർത്തകന്റെ മരണത്തിനു പിന്നാലെ ബംഗാളിലെ മാൽഡ ജില്ലയിലെ മട്നാവതി പ്രദേശത്തു സംഘർഷാവസ്ഥ. 62 വയസ്സുകാരനായ ബുരാൻ മുർമുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. എന്നാൽ മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

സംഭവവുമായി ബന്ധപ്പെട്ടു ബുരാൻ മുർമുവിന്റെ മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ ബിപ്ലവിനെ ഇതുവരെ പൊലീസിന് കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്നു മരുമകൾ ഷർമില മുർമു. എന്നാൽ ഷർമില പരാജയപ്പെട്ടു. ഇതിനു പിന്നാലെ ബിജെപി പ്രവർത്തകനായ ബുരാൻ മുർമുവിനെ കൊല്ലാൻ ഷർമില ഗൂഢാലോചന നടത്തിയ‌െന്നാണു പ്രദേശവാസികൾ ആരോപിക്കുന്നത്.

ഷർമില തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ തൃണമൂൽ പ്രവർത്തകർ ബുരാനെ ഉപദ്രവിച്ചിരുന്നെന്നു ബിജെപി എംപി കാഖെൻ മുർമു ആരോപിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചു കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മകൻ ബിപ്ലവിനെയും മരുമകളെയും ചോദ്യംചെയ്തതിനു പിന്നാലെ മാത്രമേ എന്താണു സംഭവിച്ചതെന്നതിൽ വ്യക്തത വരികയുള്ളുവെന്നു പൊലീസ് പറഞ്ഞു.

Top