bjp worker murder; dyfi leader arresated

arrested

പയ്യന്നൂര്‍: പയ്യന്നൂരിലെ ബിജെപി-ബിഎംഎസ് പ്രവര്‍ത്തകന്‍ സി.കെ.രാമചന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.

ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയംഗം പി. ശ്രീജിത്തിനെയാണ് കേസന്വേഷണ ചുമതലയുള്ള ശ്രീകണ്ഠാപുരം സിഐ സി.എ. അബ്ദുള്‍ റഹീം അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ മാസം 11ന് രാത്രിയില്‍ കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി. ധനരാജനെ വെട്ടിക്കൊലപ്പെടുത്തി രണ്ടുമണിക്കൂറിനുള്ളിലാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ നാല് സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.

റിമാന്‍ഡിലുള്ള പ്രതികളെ തിരിച്ചറിയാനായി ചൊവ്വാഴ്ച ഉച്ചയോടെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ ഭാര്യ രജനിയും മകനും പങ്കെടുത്തു. തിരിച്ചറിയാനായി നിര്‍ത്തിയ 45 പേരില്‍ നിന്ന് രണ്ടു പ്രതികളെ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളെ ഉപയോഗിച്ചുള്ള തെളിവെടുപ്പ് നടത്തി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ആറ് പേര്‍ക്കാണ് രാമചന്ദ്രന്‍ വധത്തില്‍ നേരിട്ട് പങ്കുള്ളതെന്നും മറ്റുള്ളവര്‍ പുറത്ത് നടന്ന അക്രമ സംഭവങ്ങളില്‍ പങ്കെടുത്തവരാണെന്നും സിഐ അബ്ദുള്‍ റഹീം പറഞ്ഞു. ഈ കേസില്‍ പിടികൂടാനുള്ള മറ്റൊരു പ്രധാന പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

Top