കോഴിക്കോട്: കുറ്റ്യാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രകടനത്തിനിടെ പ്രകോപനം നിറഞ്ഞ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റ്യാടി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ആറ് പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ ദിവസം, പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.